ഛത്തീസ്ഗഡില് ഭര്ത്താവിന്റെ അപകട മരണം ലൈവായി വായിച്ച് വാര്ത്താ അവതാരക. ഐബിസി 24 ചാനലിന്റെ വാര്ത്താ അവതാരകയായ സുപ്രീത് കൗറിനാണ് ഈ ദുര്യോഗമുണ്ടായത്. അപകടത്തില് മൂന്ന് പേര് മരിച്ചതായുള്ള വാര്ത്ത രാവിലെ ഇവര് ബുള്ളറ്റിന് വായിക്കുന്നതിനിടെയാണ് എത്തിയത്. വാര്ത്തയുടെ വിശദാംശങ്ങള്ക്കായി റിപ്പോര്ട്ടറോട് ചോദ്യങ്ങള് ചോദിച്ചപ്പോളാണ് മരിച്ച മൂന്ന് പേരില് തന്റെ ഭര്ത്താവും ഉള്പ്പെട്ടിരുന്നതെന്ന് ഇവര് മനസിലാക്കിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലെ പിത്താരയിലായിരുന്നു അപകടമുണ്ടായത്. സുപ്രീതിന്റെ
ഭര്‍ത്താവായ ഹര്‍ഷദ് കവാഡേയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന റെനോ ഡസ്റ്റര്‍ കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചു പേരില്‍ മൂന്നു പേര്‍ മരിച്ചു. സംഭവത്തിന്റെ വിവരങ്ങള്‍ വാര്‍ത്തയില്‍ നല്‍കുകയും ബുള്ളറ്റിന്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം മാത്രമാണ് ഇവര്‍ കരഞ്ഞതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
അസാമാന്യ മനഃസാന്നിധ്യമാണ് കൗര്‍ പ്രകടിപ്പിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അപകടത്തില്‍ പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഫോണ്‍ ഇന്‍ സംഭാഷണത്തില്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞെങ്കിലും സുപ്രീതിന് കാര്യങ്ങള്‍ വ്യക്തമായിരുന്നു. തന്റെ ജോലിയോട് കാട്ടിയ ആത്മാര്‍ത്ഥതയെയും മനഃസാന്നിദ്ധ്യത്തെയും പുകഴ്ത്തുകയാണ് മറ്റു ജീവനക്കാര്‍.
സുപ്രീത് വാര്‍ത്ത വായിക്കുന്നതിനിടെ മരിച്ചത് അവരുടെ ഭര്‍ത്താവാണെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അത് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്ന് എഡിറ്റര്‍ വ്യക്തമാക്കി. പക്ഷേ അതിനിടയില്‍ത്തന്നെ സുപ്രീതിന് കാര്യങ്ങള്‍ വ്യക്തമായിരുന്നെന്നും അവരുടെ ധൈര്യത്തിന് സമാനതകളില്ലെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം