കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്ന കര്‍ഷകനായി വേഷം മാറി എഎന്‍ഐ റിപ്പോര്‍ട്ടര്‍; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

കാര്ഷിക ബില്ലിനെ അനുകൂലിച്ച് സംസാരിക്കുന്ന കര്ഷകനായി വേഷംമാറി വാര്ത്താ ഏജന്സി എഎന്ഐയുടെ റിപ്പോര്ട്ടര്.
 | 
കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്ന കര്‍ഷകനായി വേഷം മാറി എഎന്‍ഐ റിപ്പോര്‍ട്ടര്‍; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് സംസാരിക്കുന്ന കര്‍ഷകനായി വേഷംമാറി വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ റിപ്പോര്‍ട്ടര്‍. ബില്ലിനെ അനുകൂലിച്ച് സംസാരിക്കുന്ന കര്‍ഷകനായാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. ശശാങ്ക് ത്യാഗി എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇയാളെന്ന് സോഷ്യല്‍ മീഡിയയാണ് തിരിച്ചറിഞ്ഞത്. നോട്ട് നിരോധന കാലത്ത് അതിനെ പിന്തുണച്ചു കൊണ്ട് എഎന്‍ഐയോട് പ്രതികരിക്കുന്ന സാധാരണക്കാരനായും ഇയാള്‍ ഇതേ വിധത്തില്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ എഎന്‍ഐ പരസ്യമായി മാപ്പു പറഞ്ഞിരുന്നു.

കാണ്‍പൂരിലെ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടിലാണ് പുതിയ വേഷത്തില്‍ ശശാങ്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ സംഭവവും വിവാദമായി മാറിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പ്രതികരിക്കുന്നവര്‍ ഇരിക്കുന്നത് കൃഷിസ്ഥലത്തു പോലും അല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. നോട്ടുനിരോധന കാലത്തെ വിവാദം ഓര്‍മയിലുണ്ടായിരുന്നവരാണ് ശശാങ്കിന്റെ പുതിയ കള്ളി പൊളിച്ചത്. സംഭവത്തില്‍ ശക്തമായ സോഷ്യല്‍ മീഡിയ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

മാധ്യമങ്ങളും ചില വാര്‍ത്താ ഏജന്‍സികള്‍ പോലും സംഘപരിവാര്‍ അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വിവാദ നയങ്ങളെ ന്യായീകരിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആരോപണമുണ്ട്. ഇതിനിടെയാണ് എഎന്‍ഐ റിപ്പോര്‍ട്ടര്‍ വ്യാജ വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുന്നത്.