പ്രധാനമന്ത്രിയുടെ ആഹ്വാനം; രാജ്യത്തൊട്ടാകെ വൈദ്യുതി ഓഫ് ചെയ്യുന്നത് വിതരണ സംവിധാനത്തെ ബാധിച്ചേക്കും

രാജ്യത്ത് ഏപ്രില് 5ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വൈദ്യുതി വിളക്കുകള് അണയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്ദേശം വൈദ്യുതി വിതരണ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക.
 | 
പ്രധാനമന്ത്രിയുടെ ആഹ്വാനം; രാജ്യത്തൊട്ടാകെ വൈദ്യുതി ഓഫ് ചെയ്യുന്നത് വിതരണ സംവിധാനത്തെ ബാധിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വൈദ്യുതി വിളക്കുകള്‍ അണയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം വൈദ്യുതി വിതരണ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക. ഗ്രിഡുകളുടെ സന്തുലനത്തെ ഇത് ബാധിച്ചേക്കാമെന്നും അത് രാജ്യമൊട്ടാകെയുള്ള വൈദ്യുതി വിതരണത്തിന് തടസമുണ്ടാക്കിയേക്കാമെന്നുമാണ് നിഗമനം. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് പവര്‍ ഫ്രീക്വന്‍സി നിലനിര്‍ത്തിക്കൊണ്ടാണ് ഗ്രിഡ് സ്റ്റെബിലിറ്റി കൈകാര്യം ചെയ്യുന്നത്.

ഗ്രിഡിലേക്കുള്ള വൈദ്യുതിയുടെ ഒഴുക്കിനെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ഇതില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ സംവിധാനത്തെ പ്രതിസന്ധിയിലാക്കും. പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ജനങ്ങള്‍ ഒരേ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ അത് ഈ ഫ്രീക്വന്‍സിയെ ദോഷകരമായി ബാധിക്കും. അത് ഗ്രിഡ് കൊളാപ്‌സിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഈ പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പവര്‍ ഗ്രിഡ് കോര്‍പറേഷനുമായി സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രശ്‌നത്തെ മറികടക്കാന്‍ റീജിയണല്‍ ലോഡ് ഡെസ്പാച്ച് സെന്ററുകളും നാഷണല്‍ ലോഡ് ഡെസ്പാച്ച് സെന്ററുമായി ചേര്‍ന്ന് സംവിധാനം ഒരുക്കുമെന്നാണ് സൂചന.