ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ; മരണസംഖ്യ 5 ആയി ഉയര്‍ന്നു

സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവര്ക്ക് നേരെ വടക്കു കിഴക്കന് ഡല്ഹിയില് ഇന്നലെയുണ്ടായ അക്രമങ്ങളില് മരണസംഖ്യ 5 ആയി.
 | 
ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ; മരണസംഖ്യ 5 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ മരണസംഖ്യ 5 ആയി. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷങ്ങളില്‍ 105 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 8 പേരുടെ നില ഗുരുതരമാണ്. ഇന്ന് ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. മൗജ്പൂരില്‍ പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഇന്നലെ നടന്ന ആക്രമണങ്ങളില്‍ 9 വയസുള്ള ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ നിയമത്തെ അനുകൂലിക്കുന്നവര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയവര്‍ കല്ലേറ് നടത്തുകയും പെട്രോള്‍ ബോംബ് പ്രയോഗിക്കുകയും ചെയ്തു.

സംഘര്‍ഷങ്ങള്‍ക്കിടെ പോലീസിന് നേരെ വെടിയുതിര്‍ത്തതിന് മുഹമ്മദ് ഷാരൂഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് കപില്‍ മിശ്ര ആക്രമണത്തിന് ആഹ്വാനം നടത്തിയ ശേഷമാണ് സംഭവങ്ങള്‍ ഉണ്ടായത്. ആക്രമണങ്ങള്‍ക്ക് ഉത്തരവാദി കപില്‍ മിശ്രയാണെന്ന് ജാമിയ കോഓര്‍ഡിനേഷന്‍ പറഞ്ഞു.