‘ശ്രീരാമ വേഷം ഇല്ലാതാക്കിയത് എന്റെ അഭിനയജീവിതം’; തുറന്നുപറഞ്ഞ് അരുണ്‍ ഗോവില്‍

രാമാനന്ദ് സാഗര് ഒരുക്കിയ ദൂരദര്ശന് സംപ്രേഷണം ചെയ്ത രാമായണം സീരിയല് ഇല്ലാതാക്കിയത് തന്റെ അഭിനയജീവിതമാണെന്ന് ശ്രീരാമനായി അഭിനയിച്ച അരുണ് ഗോവില്.
 | 
‘ശ്രീരാമ വേഷം ഇല്ലാതാക്കിയത് എന്റെ അഭിനയജീവിതം’; തുറന്നുപറഞ്ഞ് അരുണ്‍ ഗോവില്‍

ന്യൂഡല്‍ഹി: രാമാനന്ദ് സാഗര്‍ ഒരുക്കിയ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണം സീരിയല്‍ ഇല്ലാതാക്കിയത് തന്റെ അഭിനയജീവിതമാണെന്ന് ശ്രീരാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍. 1987 മുതല്‍ 1988 വരെ ഒരു വര്‍ഷത്തോളം നീണ്ട സീരിയലില്‍ ശ്രീരാമനായി അഭിനയിച്ചതോടെ തന്നെ മറ്റു റോളുകളില്‍ എടുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ ഗോവില്‍ വെളിപ്പെടുത്തി. പരസ്യ ചിത്രങ്ങളില്‍ നിന്ന് ഇതോടെ താന്‍ പൂര്‍ണ്ണമായും പുറത്തായെന്നും ഇപ്പോള്‍ 62 വയസുള്ള താരം വ്യക്തമാക്കി.

കഴിഞ്ഞ 14 വര്‍ഷമായി അഭിനയ രംഗത്ത് കാര്യമായി ഒന്നും ചെയ്യാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. ചില സ്‌പെഷ്യല്‍ അപ്പിയറന്‍സുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു തരത്തില്‍ പറഞ്ഞാല്‍ രാമായണത്തിലൂടെ ജനങ്ങളുടെ സ്‌നേഹവും അഭിനന്ദനങ്ങളും ലഭിച്ചെങ്കിലും അതോടെ തന്റെ കരിയര്‍ ഇല്ലാതാകുകയായിരുന്നു. ഈ സീരിയലിന് ശേഷം കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ അഭിനയരംഗത്ത് തുടരാന്‍ തനിക്ക് കഴിഞ്ഞുള്ളു. ശ്രീരാമനായി അഭിനയിച്ച ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചപ്പോളെല്ലാം തിരസ്‌കരിക്കപ്പെടുകയായിരുന്നു.

വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ തന്നെ തിരസ്‌കരിച്ചു. ഹിന്ദി സിനിമകളില്‍ നായകനായി അഭിനയരംഗത്ത് എത്തിയ താന്‍ പിന്നീട് തിരിച്ച് സിനിമകളിലേക്ക് എത്തിയപ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ തിരിച്ചയക്കുകയായിരുന്നു. തനിക്ക് രാമന്‍ ആയി അഭിനയിച്ച ഇമേജ് ശക്തമാണെന്നും അതിനാല്‍ മറ്റു റോളുകള്‍ നല്‍കിയാല്‍ ശരിയാവില്ലെന്നുമാണ് അവര്‍ പറഞ്ഞത്. വാണിജ്യ സിനിമകള്‍ക്ക് താന്‍ യോജിക്കില്ലെന്ന് അവര്‍ക്ക് തോന്നിയിരിക്കണം.

ഇതോടെ ഷോ ബിസിനസില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന് തനിക്ക് വ്യക്തമായി. ചില ടിവി ഷോകളില്‍ അഭിനയിച്ചെങ്കിലും ജനങ്ങള്‍ അവയെല്ലാം തളളുകയായിരുന്നു. ശ്രീരാന്‍ ഇതില്‍ എന്താണ് ചെയ്യുന്നതെന്നാണ് ജനങ്ങള്‍ ചോദിച്ചത്. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലാണ് ഇന്ത്യന്‍ ടിവി ചരിത്രത്തിലെ ആദ്യ പുരാണ സീരിയല്‍.

ഞായറാഴ്ചകളില്‍ സംപ്രേഷണം ചെയ്തിരുന്ന സീരിയല്‍ ജനങ്ങള്‍ ഭക്തിപുരസരമായിരുന്നു കണ്ടിരുന്നത്. ശ്രീരാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍, സീതയായെത്തിയ ദീപിക ചിഖാലിയ, ലക്ഷ്മണന്റെ വേഷമിട്ട സുനില്‍ ലാഹ്‌രി എന്നിവര്‍ക്ക് ദൈവ പരിവേഷമാണ് പ്രേക്ഷകര്‍ നല്‍കിയത്. സീരിയലിലെ വേഷത്തില്‍ ഇവര്‍ക്ക് ക്ഷേത്രങ്ങള്‍ പോലും നിര്‍മിച്ചിരുന്നു.