ആദ്യം ആഹ്ലാദം; പിന്നാലെ കരച്ചിൽ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യം ലഭിച്ചെന്ന വാർത്ത വന്നതോടെ തമിഴ്നാട്ടിൽ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ അൽപ്പ സമയം കൊണ്ട് എല്ലാം അവസാനിച്ചു. ജാമ്യമില്ലായെന്ന വാർത്ത വന്നതോടെ തമിഴ്നാട് നിശബ്ദമായി. ചെന്നൈയിൽ പാർട്ടി പ്രവർത്തകർ ഒത്തുകൂടിയ സ്ഥലങ്ങളെല്ലാം അതോടെ ശോകമൂകമായി.
 | 

ആദ്യം ആഹ്ലാദം; പിന്നാലെ കരച്ചിൽ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജാമ്യം ലഭിച്ചെന്ന വാർത്ത വന്നതോടെ തമിഴ്‌നാട്ടിൽ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ അൽപ്പ സമയം കൊണ്ട് എല്ലാം അവസാനിച്ചു. ജാമ്യമില്ലായെന്ന വാർത്ത വന്നതോടെ തമിഴ്‌നാട് നിശബ്ദമായി. ചെന്നൈയിൽ പാർട്ടി പ്രവർത്തകർ ഒത്തുകൂടിയ സ്ഥലങ്ങളെല്ലാം അതോടെ ശോകമൂകമായി.

ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചെന്ന വാർത്ത വന്നതോടെയായിരുന്നു ആഹ്ലാദപ്രകടനങ്ങൾക്ക് തുടക്കമായത്. യഥാർത്ഥ വിധി അറിയാതെ തമിഴ്‌നാട്ടിൽ ആഹ്ലാദ പ്രകടനവും പടക്കം പൊട്ടിക്കലും തുടരുമ്പോഴാണ് ജാമ്യം നിഷേധിച്ചെന്ന സ്ഥിരീകരണമുണ്ടായത്.

കോടതിയിൽ നിന്നിറങ്ങി വന്ന അഭിഭാഷകനാണ് നേരത്തെ ജാമ്യം ലഭിച്ചെന്ന് സൂചിപ്പിച്ചത്. എന്നാൽ കർണാടക സർക്കാരിന്റെ അഭിഭാഷകർ രേഖാമൂലം ജാമ്യത്തെ എതിർത്തിരുന്നുവെന്ന് പിന്നീട് ബോധ്യമായി. പ്രോസിക്യൂഷന്റെ വാദങ്ങളെ അംഗീകരിച്ച കോടതി ജാമ്യാപേക്ഷയെ തള്ളുന്നതായി അറിയിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന ജയലളിതയുടെ ആവശ്യവും കോടതി തള്ളി. അഴിമതി സാമ്പത്തിക ക്രമക്കേട് എന്നതിലുപരി മനുഷ്യാവകാശ ലംഘനമാണെന്നു കണ്ടെത്തിയ കോടതി ജാമ്യം ആവശ്യപ്പെടുന്നതിൽ അടിസ്ഥാനമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ജയലളിതക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ രാം ജഠ്മലാനിയാണ് കോടതിയിൽ ഹാജരായത്. കഴിഞ്ഞ പത്തു ദിവസമായി ജയലളിത ബാംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്. സെപ്തംബർ 29-ന് പരിഗണിച്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ, 1991-96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിൽ ജയലളിതയ്ക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്.