തലൈവിയുടെ മോചനം തമിഴകം ആഘോഷിക്കുന്നു

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയെ തുടർന്ന് തമിഴ്നാട്ടിലെങ്ങും ആഹ്ലാദ പ്രകടനങ്ങൾ. ജയലളിതയുടെ വീടായ പോയസ്ഗാർഡന് മുമ്പിൽ നൂറ് കണക്കിന് പ്രവർത്തകരാണ് വിധിക്കു വേണ്ടി കാതോർത്ത് രാവിലെ മുതൽ കാത്തിരുന്നത്. വിധി വന്നതിന് ശേഷം പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും അമ്മയുടെ മോചനം ഇവർ ആഘോഷിച്ചു.
 | 

തലൈവിയുടെ മോചനം തമിഴകം ആഘോഷിക്കുന്നു
ചെന്നൈ: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയെ തുടർന്ന് തമിഴ്‌നാട്ടിലെങ്ങും ആഹ്ലാദ പ്രകടനങ്ങൾ. ജയലളിതയുടെ വീടായ പോയസ്ഗാർഡന് മുമ്പിൽ നൂറ് കണക്കിന് പ്രവർത്തകരാണ് വിധിക്കു വേണ്ടി കാതോർത്ത് രാവിലെ മുതൽ കാത്തിരുന്നത്. വിധി വന്നതിന് ശേഷം പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും അമ്മയുടെ മോചനം ഇവർ ആഘോഷിച്ചു.

വാർത്തയറിഞ്ഞ് അണ്ണാഡിഎംകെ പ്രവർത്തകർ പുരട്ചി തലൈവിക്ക് മുദ്രാവാക്യം വിളികളുമായി തമിഴ്‌നാട്ടിലെങ്ങും ആഹ്ലാദം പ്രകടനം തുടങ്ങിയിട്ടുണ്ട്. വിധികേട്ട് പുറത്തുവന്ന ജയലളിതയുടെ അഭിഭാഷകരും ബംഗളൂരൂ ഹൈക്കോടതിക്ക് പുറത്ത് ആഹ്ലാദം പ്രകടിപ്പിച്ചു. വിധി അനുകൂലമായാൽ ആഘോഷിക്കാനായി ശിവകാശിയിൽ നിന്ന് ലോറികളിലാണ് പടക്കങ്ങൾ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയത്.

വിധി പ്രതികൂലമായാൽ ജനങ്ങളുടെ പ്രതികരണം എന്താവുമെന്ന് സംസ്ഥാന സർക്കാർ ഭയന്നിരുന്നു. വിധി വരുന്ന ദിവസം തമിഴ്‌നാട്ടിലെങ്ങും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഡിഎംഡികെ നേതാവ് വിജയകാന്ത് ആവശ്യപ്പെട്ടിരുന്നു.

വിധി അനൂകൂലമാകാൻ ഒരാഴ്ചയായി പ്രവർത്തകർ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളാണ് നടത്തിയത്. മന്ത്രിമാരും എംഎൽഎമാരും പ്രശസ്ത ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. വിധികേൾക്കാനായി നിരവധി പാർട്ടി പ്രവർത്തകരാണ് ബംഗളൂരുവിൽ എത്തിയത്.