ചൈനീസ് ഫുഡ് വിലക്കണം, റെസ്റ്റോറന്റുകള്‍ പൂട്ടണം; ആഹ്വാനവുമായി ‘ഗോ കൊറോണ’ മുദ്രാവാക്യം മുഴക്കിയ കേന്ദ്രമന്ത്രി

ഒരു പടികൂടി കടന്നുള്ള ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രിയായ ഡോ.രാംദാസ് അത്താവാലെ.
 | 
ചൈനീസ് ഫുഡ് വിലക്കണം, റെസ്റ്റോറന്റുകള്‍ പൂട്ടണം; ആഹ്വാനവുമായി ‘ഗോ കൊറോണ’ മുദ്രാവാക്യം മുഴക്കിയ കേന്ദ്രമന്ത്രി

കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അതിക്രമത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം സോഷ്യല്‍ മീഡിയയിലും പുറത്തും ശക്തമായി നടക്കുകയാണ്. 4ജി അപ്‌ഗ്രേഡില്‍ ചൈനീസ് സാങ്കേതികത ഉപയോഗിക്കേണ്ടെന്ന് ബിഎസ്എന്‍എലിന് കേന്ദ്രം നിര്‍ദേശം നല്‍കിയതോടെ ഇതിന് ഔദ്യോഗിക മുഖവും വന്നു. റെയില്‍വേയും ചൈനീസ് കരാര്‍ റദ്ദാക്കി. ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും ചിലര്‍ അവ തല്ലിത്തകര്‍ക്കുകയും ചെയ്തു. എന്നാല്‍ അതിനേക്കാള്‍ ഒരു പടികൂടി കടന്നുള്ള ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രിയായ ഡോ.രാംദാസ് അത്താവാലെ. ചൈനീസ് ഫുഡ് വിലക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ചൈനീസ് ഫുഡ് വിളമ്പുന്ന റെസ്റ്റോറന്റുകള്‍ക്ക് താഴിടണമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. ചൈനീസ് ഫുഡ് കഴിക്കുന്ന ഇന്ത്യക്കാര്‍ അത് ഉപേക്ഷിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 60 കാരനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ മന്ത്രി ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. ഫെബ്രുവരിയില്‍ അണികളുമായി ഗോ കൊറോണ ഗോ എന്ന് മുദ്രാവാക്യം വിളിച്ചതിലൂടെയാണ് മന്ത്രി നേരത്തേ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

അതിര്‍ത്തിയിലെ ഇടപെടലുകള്‍ ചൈന അവസാനിപ്പിക്കണമെന്നും അത്താവാലെ പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ക്ക് നമ്മുടെ പ്രദേശത്ത് എന്താണ് കാര്യം? നിങ്ങളുടെ പ്രദേശത്ത് ഞങ്ങള്‍ കടന്നു കയറുന്നില്ലെങ്കില്‍ നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അത്താവാലെ ചോദിച്ചു.