ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബിസിസിഐ ഓംബുഡ്‌സ്മാന്‍ തീരുമാനിക്കും; നിര്‍ദേശം നല്‍കി സുപ്രീം കോടതി

ഐപിഎല് ഒത്തുകളിയില് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബിസിസിഐ ഓംബുഡ്സ്മാന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി.
 | 
ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബിസിസിഐ ഓംബുഡ്‌സ്മാന്‍ തീരുമാനിക്കും; നിര്‍ദേശം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിയില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി ബിസിസിഐ ഓംബുഡ്‌സ്മാന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ.എം.ജോസഫ് എന്നിരുടെ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ബിസിസിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് നിര്‍ദേശം.

മൂന്നു മാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷാ കാലാവധി നിശ്ചയിക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ഡി.കെ.ജെയിന് കോടതി നിര്‍ദേശം നല്‍കി. ഒത്തുകളി വിവാദത്തില്‍ കുറ്റാരോപിതനായ ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം സുപ്രീം കോടതി എടുത്തു കളഞ്ഞിരുന്നു. വിചാരണക്കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് തുടര്‍ന്നതിനെതിരെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.

എന്നാല്‍ ശ്രീശാന്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ നിലവിലുള്ള ക്രിമിനല്‍ നടപടികള്‍ക്ക് ബാധകമാകില്ലെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ശ്രീശാന്തിന് നല്‍കുന്ന ശിക്ഷ സംബന്ധിച്ച് മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ബോര്‍ഡിനോട് സുപ്രീം കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ശിക്ഷ ശ്രീശാന്തിന്റെ ഭാഗം കൂടി കേട്ടു വേണം തീരുമാനിക്കാനെന്നും കോടതി വ്യക്തമാക്കിയിരുന്നു.