പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് നേതാവ് പറഞ്ഞു; പശുവിനെ പണയം വെക്കാനെത്തി കര്‍ഷകന്‍

നാടന് പശുവിന്റെ പാലില് സ്വര്ണ്ണമുണ്ടെന്ന ബിജെപി നേതാവിന്റെ പ്രസ്താവന സോഷ്യല് മീഡിയയില് ചിരി പടര്ത്തിയെങ്കിലും ചിലരെങ്കിലും അത് വിശ്വസിച്ചിരിക്കുകയാണ്.
 | 
പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് നേതാവ് പറഞ്ഞു; പശുവിനെ പണയം വെക്കാനെത്തി കര്‍ഷകന്‍

കൊല്‍ക്കത്ത: നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന ബിജെപി നേതാവിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയെങ്കിലും ചിലരെങ്കിലും അത് വിശ്വസിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ ഒരു കര്‍ഷകന്‍ തന്റെ പശുവിനെ പണയം വെക്കാനെത്തി. മണപ്പുറം ഗോള്‍ഡ് ലോണിന്റെ ശാഖയിലാണ് പശുവുമായി എത്തിയത്. ദാന്‍കുനിയിലാണ് സംഭവമുണ്ടായത്.

പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് കേട്ടുവെന്നും അതുകൊണ്ടാണ് താന്‍ ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ എത്തിയതെന്നും ഇയാള്‍ പറഞ്ഞുവെന്ന് ബംഗാളി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് 20 പശുക്കളുണ്ട്. അതില്‍ ഒന്നിനെ പണയം വെച്ച് കിട്ടുന്ന പണം കൊണ്ട് പശു വളര്‍ത്തല്‍ വിപുലമാക്കാമെന്നാണ് കരുതുന്നതെന്നും അയാള്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആണ് നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണമുണ്ടെന്നും അതിനാലാണ് പാലിന് മഞ്ഞ നിറമുള്ളതെന്നും പറഞ്ഞത്. ഇപ്പോള്‍ പശുക്കളുമായി ഗ്രാമവാസികള്‍ തന്റെ അടുത്തെത്തുകയാണെന്നും എത്ര രൂപവരെ പശുവിനെ പണയം വെച്ചാല്‍ കിട്ടുമെന്നുമാണ് അവര്‍ ചോദിക്കുന്നതെന്ന് ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിങ് പറയുന്നു.

പശുവിന് ദിവസം 15-16 ലിറ്റര്‍ പാല്‍ കിട്ടുമെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ലോണ്‍ കിട്ടാന്‍ അര്‍ഹതയുണ്ടെന്നുമാണ് അവര്‍ പറയുന്നത്. ഈ കണ്ടുപിടിത്തത്തിന് ദിലീപ് ഘോഷിന് നൊബേല്‍ സമ്മാനം കൊടുക്കണമെന്നും മനോജ് സിങ് പറയുന്നു.