ബിഹാറില്‍ ആദ്യ വിക്കറ്റ് വീഴ്ത്തി പ്രതിപക്ഷം; പുതിയ വിദ്യാഭ്യാസമന്ത്രി സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചു

ബിഹാറില് പുതിയ എന്ഡിഎ സര്ക്കാരിന് വന് തിരിച്ചടി.
 | 
ബിഹാറില്‍ ആദ്യ വിക്കറ്റ് വീഴ്ത്തി പ്രതിപക്ഷം; പുതിയ വിദ്യാഭ്യാസമന്ത്രി സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചു

പട്‌ന: ബിഹാറില്‍ പുതിയ എന്‍ഡിഎ സര്‍ക്കാരിന് വന്‍ തിരിച്ചടി. പുതുതായി അധികാരമേറ്റ നിതീഷ് കുമാര്‍ സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് 72 മണിക്കൂറിനുള്ളില്‍ രാജിവെച്ചു. വിദ്യാഭ്യാസമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മേവാലാല്‍ ചൗധരിക്കെതിരെ നിരവധി അഴിമതിക്കേസുകള്‍ നിലവിലുണ്ട്. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് രാജി.

ഓഫീസിലെത്തി മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം മേവാലാല്‍ ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കി. നിതീഷ് കുമാര്‍ മേവാലാലിന്റെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. രാജി ഗവര്‍ണര്‍ അംഗീകരിച്ചു. ഇന്ന് 12.30നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ എത്തി മേവാലാല്‍ ചുമതലയേറ്റത്. 2 മണിക്ക് രാജി നല്‍കി.

2017ല്‍ ഭഗല്‍പൂരിലെ സബോര്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലറായിരുന്ന മേവാലാല്‍ 161 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും ജൂനിയര്‍ സയന്റിസ്റ്റുകളുടെയും അനധികൃത നിയമനത്തില്‍ ഇടപെട്ടതായി വ്യക്തമായിരുന്നു. സര്‍വകലാശാലയുടെ കെട്ടിട നിര്‍മാണത്തില്‍ ഇയാള്‍ അഴിമതി നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബിഹാര്‍ ഗവര്‍ണറായിരുന്ന കാലത്ത് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും കുറ്റക്കാരനാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. അഴിമതി നടത്താനുള്ള സ്വാതന്ത്ര്യമാണ് ഇത്തരക്കാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിലൂടെ നിതീഷ് കുമാര്‍ നല്‍കുന്നതെന്ന് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിയുടെ നേതാവ് തേജസ്വി യാദവ് പറഞ്ഞിരുന്നു.

മേവാലാലിന് ദേശീയഗാനം പോലും അറിയില്ലെന്ന ആരോപണവും ആര്‍ജെഡി ഉന്നയിച്ചിരുന്നു. ഒരു സ്‌കൂള്‍ ചടങ്ങില്‍ മേവാലാല്‍ ദേശീയഗാനം തെറ്റിച്ച് ആലപിക്കുന്ന വീഡിയോയും ആര്‍ജെഡി പുറത്തു വിട്ടിരുന്നു.