പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നത് തടഞ്ഞ് ബിജെപി

പിഎം കെയേഴ്സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ചര്ച്ച ചെയ്യുന്നത് തടഞ്ഞ് ബിജെപി എംപിമാര്.
 | 
പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നത് തടഞ്ഞ് ബിജെപി

ന്യൂഡല്‍ഹി: പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നത് തടഞ്ഞ് ബിജെപി എംപിമാര്‍. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ ഇത് ചര്‍ച്ച ചെയ്യാനുള്ള നീക്കമാണ് ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് തടഞ്ഞത്. കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനും പിഎസി യോഗത്തല്‍ സാധിച്ചില്ല. 2ജി സ്‌പെക്ട്രം അഴിമതി പോലെയുള്ള വിഷയങ്ങള്‍ കണ്ടെത്തിയ സമിതിയില്‍ പിഎം കെയേഴ്‌സ് ചര്‍ച്ച പോലും ആവാതിരിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്.

ഇത്തരമൊരു സുപ്രധാന വിഷയത്തില്‍ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം ചിന്തിക്കണമെന്നും സമവായത്തില്‍ എത്തണമെന്നും പിഎസി അധ്യക്ഷനും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ആധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷി എംപിമാര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. കോവിഡ് പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന വിധം വിശകലനം ചെയ്യാനുള്ള അധ്യക്ഷന്റെ നീക്കവും ബിജെപി എംപിമാര്‍ ഒറ്റക്കെട്ടായി നിന്ന് തടയുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി സിഎജി ഓഡിറ്റിന് വിധേയമാക്കേണ്ടതില്ലാത്തതിനാല്‍ പിഎം കെയേഴ്‌സും ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് രാജ്യസഭാ എം.പി. ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധികാര പരിധിയില്‍ പെടില്ലെന്നായിരുന്നു യാദവ് വാദിച്ചത്. സര്‍ക്കാര്‍ ധനവിനിയോഗം സംബന്ധിച്ച് സിഎജി ഓഡിറ്റ് ചെയ്ത വിഷയങ്ങള്‍ മാത്രം പിഎസിയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് ബിജെപി നിലപാടെടുത്തു.

ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള കമ്മിറ്റിയില്‍ ബിജു ജനതാദള്‍ നേതാവ് ഭര്‍തൃഹരി മഹ്താനിയും കേന്ദ്രത്തെ അനുകൂലിച്ചു. കോണ്‍ഗ്രസിന് പിന്തുണയുമായി ഡിഎംകെ എംപി ടി.ആര്‍.ബാലു മാത്രമേ ഉണ്ടായിരുന്നുള്ളു. 20 അംഗങ്ങളുള്ള പിഎസിയില്‍ 12 ബിജെപി അംഗങ്ങളാണുള്ളത്.