സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചുവിടുമെന്നും ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കുമെന്നും ബിജെപി എംപിമാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില് ഭീഷണിയുമായി ബിജെപി എംപിമാര്.
 | 
സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചുവിടുമെന്നും ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കുമെന്നും ബിജെപി എംപിമാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ ഭീഷണിയുമായി ബിജെപി എംപിമാര്‍. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചുവിടപ്പെടാന്‍ ഇടയുണ്ടെന്ന് ലോക്‌സഭാംഗമായ റാവു ഉദയ് പ്രതാപ് സിങ് പറഞ്ഞു. മധ്യപ്രദേശിലെ ഹോഷംഗാബാദില്‍ നിന്നുള്ള എംപിയാണ് റാവു ഉദയ് പ്രതാപ് സിങ്. നിയമ ഭേദഗതി നടപ്പില്‍ വരുത്താത്ത സര്‍ക്കാരുകള്‍ പിരിച്ചുവിട്ട് അവിടങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍മാര്‍ ശുപാര്‍ശ ചെയ്‌തേക്കാമെന്നാണ് എംപിയുടെ മുന്നറിയിപ്പ്. ഇതിന് മുമ്പ് പല സാഹചര്യങ്ങളിലും 356-ാം വകുപ്പ് പ്രയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എംപി പറഞ്ഞു.

അസദുദ്ദീന്‍ ഒവൈസിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്നാണ് തെലങ്കാനയിലെ നിസാമാബാദില്‍ നിന്നുള്ള എംപി ഡി.അരവിന്ദ് കുമാര്‍ പറഞ്ഞത്. വടിച്ചെടുത്ത താടി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും എംപി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ ഒവൈസി നിസാമാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് അരവിന്ദ് കുമാറിന്റെ പരാമര്‍ശം.