മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ബിജെപി അധികാരത്തില്‍

മഹാരാഷ്ട്രയില് എന്സിപി പിന്തുണയോടെ ബിജെപി അധികാരത്തില്
 | 
മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ബിജെപി അധികാരത്തില്‍

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ബിജെപി അധികാരത്തില്‍. ദേവേന്ദ്ര ഫഡ്‌നവിസ് പുലര്‍ച്ചെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഒരു രാത്രിയിലുണ്ടായ തകിടം മറിച്ചിലിലാണ് മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും തമ്മില്‍ ഇന്നലെ ധാരണയായിരുന്നു. ഇന്ന് സഖ്യം ഗവര്‍ണറെ കാണുമെന്നും അറിയിച്ചിരുന്നു.

പിന്നീട് നാടകീയ നീക്കങ്ങളാണ് നടന്നതെന്നാണ് സൂചന. പുലര്‍ച്ചെ 5.47ന് മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതിഭരണം പിന്‍വലിച്ചു. ഇതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരു മാസമായിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാതെ സംസ്ഥാനം അനിശ്ചിതാവസ്ഥയില്‍ നീങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ഒരുമിച്ചായിരുന്നു മത്സരിച്ചതെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഘട്ടത്തില്‍ ശിവസേന ഇടഞ്ഞു. ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ സഖ്യസാധ്യതകള്‍ എല്ലാ കക്ഷികളും തേടിയിരുന്നു. കോണ്‍ഗ്രസ് ശിവസേനയുമായി സഹകരിക്കാന്‍ തയ്യാറായതു പോലും ബിജെപിയെ മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാല്‍ ഇതിനായി രൂപീകരിച്ച മഹാസഖ്യത്തിലെ പ്രമുഖ കക്ഷിയാണ് ഇരുട്ടി വെളുക്കുമ്പോള്‍ മറുകണ്ടം ചാടിയത്.