ബംഗാളില്‍ തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷം തുടരുന്നു; വാക്‌പോരുമായി മമതയും അമിത് ഷായും

അമിത് ഷാ റോഡ് ഷോ നടത്തിയ അതേ പാതയിലൂടെ റാലി നടത്തുമെന്നും ഈ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയെ സംസ്ഥാനത്ത് നിന്ന് തന്നെ തുരത്തുമെന്നുമാണ് മമത ബാനര്ജി മറുപടി പറഞ്ഞത്.
 | 
ബംഗാളില്‍ തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷം തുടരുന്നു; വാക്‌പോരുമായി മമതയും അമിത് ഷായും

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്‍ക്കത്തിയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരാണ് തങ്ങളെ ആദ്യം അക്രമിച്ചതെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. അക്രമസംഭവങ്ങളുടെ വീഡിയോ സഹിതമാണ് തൃണമൂല്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം സമാന ആരോപണം ഉന്നയിച്ച് ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി പ്രചാരണങ്ങളെ തടസപ്പെടുത്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.

പശ്ചിമബംഗാളിന്റെ നവോത്ഥാന നായകരില്‍ പ്രധാനിയായ ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് തെരുവ് യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിയത്. ബി.ജെ.പിയുടെ നടപടിയെ രൂക്ഷമായ ഭാഷയില്‍ മമത ബാനര്‍ജി അപലപിക്കുകയും ചെയ്തു. പ്രതിഷേധ സൂചനകമായി ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ ചിത്രം ഫെയിസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കാന്‍ തൃണമൂല്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ബി.ജെ.പിയുടെ മേല്‍ കെട്ടിവെക്കാനാണ് മമതയുടെ ശ്രമമെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

റാലിക്കിടെയുണ്ടായിരുന്ന അക്രമങ്ങളില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് സി.ആര്‍.പി.എഫ് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥിനെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് മമതയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നില്ലെന്നും അമിത് ഷാ ചോദിച്ചു. അമിത് ഷാ റോഡ് ഷോ നടത്തിയ അതേ പാതയിലൂടെ റാലി നടത്തുമെന്നും ഈ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയെ സംസ്ഥാനത്ത് നിന്ന് തന്നെ തുരത്തുമെന്നുമാണ് മമത ബാനര്‍ജി മറുപടി പറഞ്ഞത്.