Saturday , 14 December 2019
News Updates

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; ബി.ജെ.പി നടപ്പിലാക്കിയത് സംഘപരിവാറിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന്

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ബി.ജെ.പി നടപ്പിലാക്കിയത് സംഘപരിവാറിന്റെ അടിസ്ഥാന തത്വങ്ങളിലൊന്ന്. രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ്, ആര്‍ട്ടിക്കിള്‍ 370 സംഘപരിവാറിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അജണ്ടകളാണിവ. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നരേന്ദ്ര മോദി വരെ ഈ അടിസ്ഥാന അജണ്ടകള്‍ നടപ്പാക്കുമെന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രഖ്യാപിച്ചിരുന്നു.

ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടുത്തുന്നതിനെ ശ്യാമപ്രസാദ് മുഖര്‍ജി അക്കാലത്ത് തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ കാശ്മീരിന്റെ ചരിത്രവും ഇന്ത്യയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളും മാനിച്ച് അന്ന് ശ്യാമപ്രസാദ് മുഖര്‍ജിയെ ഭരണഘടനാ ശില്‍പ്പികള്‍ തള്ളി.

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഏറ്റവും ശ്രദ്ധ ചെലുത്തിയതും ഈ മൂന്ന് അജണ്ടകള്‍ നടപ്പിലാക്കാനായിരുന്നു. കടുത്ത വിയോജിപ്പുകള്‍ നേരിടേണ്ടി വന്നതോടെ ബി.ജെ.പി പിന്നാക്കം പോയി. എന്നാല്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള ഓഡിനന്‍സ് പുറപ്പെടുവിച്ച് ബി.ജെ.പി സംഘപരിവാര്‍ അജണ്ടയിലേക്ക് രാജ്യത്ത് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചു.

നടപടിയുടെ ഭാഗമായി മാത്രം 43,000 അധിക സൈനികരെയാണ് കാശ്മീരിലേക്ക് നിയോഗിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം വീട്ടുതടങ്കലിലാക്കി. കാശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചു. ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’യെന്ന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ തീവ്ര ദേശീയവാദത്തിലേക്ക് ഒരുപടി കൂടി അടുപ്പിക്കുകയാണ് ബി.ജെ.പി ഭരണം.

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ ചരിത്രം

നാട്ടുരാജ്യങ്ങളായി ചിന്നിച്ചിതറിയിരുന്ന ഇന്ത്യയെ യോജിപ്പിക്കുന്നത് ബ്രിട്ടീഷ് അധിനിവേശമാണ്. എങ്കിലും കാശ്മീരുള്‍പ്പെടെയുള്ള രാജ്യത്തിന്റെ ചില മേഖലകള്‍ സാംസ്‌കാരികമായും സാമൂഹികമായും ഈ യൂണിറ്റിയില്‍ വിശ്വസിച്ചിരുന്നില്ല. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കാശ്മീര്‍ സ്വതന്ത്ര ഭരണഘടനയുള്ള മറ്റൊരു രാജ്യമായിരുന്നു. കാശ്മീര്‍ രാജാവായിരുന്ന ഹരിസിംഗ് ബ്രിട്ടീഷുകാരുമായി ഇക്കാര്യത്തില്‍ കരാറുണ്ടാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അധികം വൈകാതെ സ്വതന്ത്ര കാശ്മീരിനെ പാകിസ്ഥാന്‍ ആക്രമിച്ചു. പാകിസ്ഥാനെ ചെറുക്കാന്‍ ഹരിസിംഗ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നു. എന്നാല്‍ ഇന്ത്യയില്‍ ലയിക്കാതെ സൈനിക സഹായം ലഭ്യമാക്കേണ്ടതില്ലെന്നായിരുന്നു മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ശാസനം. സമവായ ചര്‍ച്ചകള്‍ക്ക് ശേഷം 1947 ഒക്ടോബര്‍ 26ന് ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) രാജാ ഹരി സിങും മൗണ്ട് ബാറ്റണും ഒപ്പുവച്ചു. ഇതനുസരിച്ച് പ്രതിരോധം, വാര്‍ത്താ വിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്. കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു എന്നും കരാറില്‍ വ്യവസ്ഥ ചെയ്തു.

കാശ്മീര്‍ പ്രശ്‌നം പിന്നീട് ഐക്യരാഷ്ട്ര സഭയിലെത്തി. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ഉത്തരവുണ്ടായെങ്കിലും പാലിക്കപ്പെട്ടില്ല. ഇതിനിടയില്‍ ഷെയ്ക്ക് അബ്ദുള്ളയെ താല്‍ക്കാലിക പ്രധാനമന്ത്രിയായി ഹരിസിംഗ് രാജാവ് നിയമിച്ചിരുന്നു. പിന്നീട് 1949 ജനുവരി ഒന്നിന് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു. 60 ശതമാനവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ കൈവശമായി. പാക് അധീന കാശ്മീര്‍ അഥവാ ആസാദ് കാശ്മീരും നിലവില്‍ വന്നു.

1949 ജൂലൈയില്‍ ഷെയ്ക്ക് അബ്ദുള്ള തയ്യാറാക്കിയ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയുടെ ഭരണഘടനയോടപ്പം ചേര്‍ക്കുകയും ചെയ്തു. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ 370.

ആര്‍ട്ടിക്കിള്‍ 370ല്‍ ഉണ്ടായിരുന്ന പ്രധാന കാര്യങ്ങള്‍

1) കാശ്മീര്‍ ഇന്ത്യയിലെ ഒരു കോണ്‍സ്റ്റിറ്റിയൂന്റ് സ്റ്റേറ്റ് ആണ്. കാശ്മീരിന് സ്വന്തമായി ഉപഭരണഘടനയുണ്ട്. ഇന്ത്യയിലെ രണ്ട് നിയമനിര്‍മ്മാണ സഭകള്‍, അതായത് രാജ്യസഭ, ലോക്‌സഭാ എന്നിവയിലൊന്നിനും ഇന്ത്യയുമായി ബന്ധം നിശ്ചയിക്കുന്ന ബില്ലുകള്‍ കൊണ്ടുവരാനുള്ള അധികാരമില്ല.

2) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യന്‍ പൗരത്വം.

3) ഇന്ത്യന്‍ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ്.

4) സംസ്ഥാനത്തിന് പുറത്തുള്ള ആളുകള്‍ക്ക് ജമ്മു കാശ്മീരില്‍ നിന്നും ഭൂമി വാങ്ങാന്‍ കഴിയില്ല. ഭൂമിയെ സംബന്ധിച്ചുളള ക്രയ വിക്രയങ്ങള്‍ സംസ്ഥാനത്തെ ആളുകള്‍ തമ്മില്‍ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളു.

5) സാമ്പത്തിക അടിയന്തരാവസ്ഥ സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല. യുദ്ധകാലത്തോ അക്രമ സാഹചര്യങ്ങളിലോ മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുള്ളു.

6) പ്രതിരോധം, ധനകാര്യം, വിദേശകാര്യം, ആശയവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കാശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വേണം.

7) പര്‍ലമെന്റിന് യൂണിയന്‍ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളില്‍ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്റെ അനുവാദത്തോടെയെ നടപ്പിലാക്കാന്‍ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.

DONT MISS