ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, സുശാന്ത് സിങ് രാജ്പുത്; ലോക്ക് ഡൗണ്‍ കാലത്ത് ബോളിവുഡിന്റെ നഷ്ടങ്ങള്‍

മാര്ച്ച് ഒടുവില് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിന് ശേഷം ബോളിവുഡിന് നഷ്ടമായത് മൂന്ന് പ്രതിഭകളെ.
 | 
ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, സുശാന്ത് സിങ് രാജ്പുത്; ലോക്ക് ഡൗണ്‍ കാലത്ത് ബോളിവുഡിന്റെ നഷ്ടങ്ങള്‍

മാര്‍ച്ച് ഒടുവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ബോളിവുഡിന് നഷ്ടമായത് മൂന്ന് പ്രതിഭകളെ. ഈ മൂന്ന് മാസത്തെ കാലയളവില്‍ നഷ്ടമായത് പകരംവെക്കാനില്ലാത്ത പ്രതിഭകളെയാണെന്ന് അവരുടെ ചലച്ചിത്ര ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ഇര്‍ഫാന്‍ ഖാനില്‍ തുടങ്ങി ഋഷി കപൂറിലൂടെ സുശാന്ത് സിങ് രാജ്പുതില്‍ എത്തി നില്‍ക്കുകയാണ് നഷ്ടങ്ങളുടെ പട്ടിക.

ഏപ്രില്‍ 29ന് അന്തരിച്ച ഇര്‍ഫാന്‍ ഖാന്‍ ആണ് പട്ടികയില്‍ ആദ്യത്തേത്. 53-ാമത്തെ വയസിലാണ് ഇര്‍ഫാന്‍ ഖാന്‍ മരിച്ചത്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ഏപ്രില്‍ 27-ാം തിയതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇര്‍ഫാന്‍ ഖാന്‍ രണ്ട് ദിവസം ഐസിയുവില്‍ ചികിത്സയിലായിരുന്നു. 2018ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ച അദ്ദേഹം ലണ്ടനില്‍ ചികിത്സക്ക് വിധേയനായിരുന്നു. താരത്തിന്റെ മരണത്തിന് അഞ്ച് ദിവസം മുന്‍പായിരുന്നു അദ്ദേഹത്തിന്റെ മാതാവ് ജയ്പൂരില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്. ഈ വിവരം അറിയാതെയായിരുന്നു ഇര്‍ഫാന്‍ ഖാന്റെ അന്ത്യം. ബോളിവുഡിന് പുറമേ ഹോളിവുഡിലും സാന്നിധ്യം അറിയിച്ച താരമായിരുന്നു ഇര്‍ഫാന്‍.

ബോളിവുഡ് ഈ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പ് അടുത്ത മരണ വാര്‍ത്തയെത്തി. ഹിന്ദി സിനിമയുടെ മഹാനായ ഷോമാന്‍ എന്നറിയപ്പെടുന്ന രാജ്കപൂറിന്റെ രണ്ടാമത്തെ മകനും താരവും സംവിധായകനുമൊക്കെയായ ഋഷി കപൂര്‍ ഏപ്രില്‍ 30ന് അന്തരിച്ചു. ക്യാന്‍സര്‍ ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. 67-ാമത്തെ വയസിലായിരുന്നു അദ്ദേഹം അരങ്ങൊഴിഞ്ഞത്.

ഏറ്റവും ഒടുവില്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. 34 വയസ് മാത്രം പ്രായമുള്ള, വളരെ ചുരുക്കം ചിത്രങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും മികച്ച അഭിനേതാവെന്ന് തെളിയിച്ചിട്ടുള്ള സുശാന്തിന്റെ വേര്‍പാടിയില്‍ തരിച്ചു നില്‍ക്കുകയാണ് ബോളിവുഡും ആരാധകരും. താരത്തിന്റെ മരണം സംബന്ധിച്ച വാര്‍ത്തകളില്‍ ഇത് വ്യാജവാര്‍ത്തയായിരിക്കണേ എന്നാണ് പലരും കമന്റുകളിലൂട പ്രതികരിച്ചത്. മുംബൈയിലെ ബാന്ദ്രയില്‍ സ്വന്തം വീട്ടില്‍ ലോക്ക് ഡൗണ്‍ കാലത്ത് ഒറ്റയ്ക്കായിരുന്നു സുശാന്ത് താമസിച്ചിരുന്നത്.

ഇതിനിടയില്‍ 5 ദിവസം മുന്‍പ് മരിച്ച മുന്‍ മാനേജരായിരുന്ന ദിശ സാലിയന്റെ മരണത്തില്‍ വേദന നിറഞ്ഞ സന്ദേശം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ബഹുനില കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു ദിശ. ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം തുടരുകയാണ്. 2002ല്‍ മരിച്ച സ്വന്തം അമ്മയെക്കുറിച്ചായിരുന്നു സുശാന്തിന്റെ ഏറ്റവും ഒടുവിലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. താരം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.