മോദിയെ കരുത്തനായ നേതാവായി തെരഞ്ഞെടുത്ത ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമ മലയാളി

നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തെരഞ്ഞെടുത്ത ബ്രിട്ടീഷ് ഹെറാള്ഡ് മലയാളിയുടേത്.
 | 
മോദിയെ കരുത്തനായ നേതാവായി തെരഞ്ഞെടുത്ത ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമ മലയാളി

ലണ്ടന്‍: നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തെരഞ്ഞെടുത്ത ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്. ബ്രിട്ടീഷ് മാധ്യമം മോദിയെ കരുത്തനായ നേതാവായി തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബിജെപി നേതാക്കള്‍ ഇതിന് പരമാവധി പ്രചാരണം നല്‍കുകയും ചെയ്തിരുന്നു. ആള്‍ട്ട് ന്യൂസാണ് ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമ കൊച്ചിക്കാരനായ അന്‍സിഫ് അഷറഫ് ആണെന്ന വിവരം പുറത്തുവിട്ടത്.

വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പു നടത്തിയാണ് മോദിയെ കരുത്തനായ നേതാവായി തെരഞ്ഞെടുത്തതെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെട്ടിരുന്നത്. കൊച്ചിന്‍ ഹെറാള്‍ഡ് എന്ന ഒരു മാധ്യമ സ്ഥാപനം കൂടി അഷറഫിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് ഹെറാള്‍ഡ് യുകെയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഹെറാള്‍ഡ് മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

2018 ഏപ്രിലിലാണ് കമ്പനി ആരംഭിച്ചത്. 85 ശതമാനം ഓഹരികള്‍ അഷറഫിന്റെ പേരിലാണ് ഉള്ളത്. വെബ്‌സൈറ്റുകളുടെ ആഗോള റാങ്കിംഗ് നിശ്ചയിക്കുന്ന അലക്‌സയുടെ റാങ്കിംഗില്‍ 28,518-ാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടീഷ് ഹെറാള്‍ഡിന് ഫെയിസ്ബുക്കില്‍ 57,000 ഫോളോവര്‍മാരും 4000ല്‍ താഴെ ട്വിറ്റര്‍ ഫോളോവര്‍മാരും മാത്രമാണ് ഉള്ളത്. പ്രധാനമന്ത്രിയായി മോദി തെരഞ്ഞെടുക്കപ്പെട്ടത് ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 150 പേര്‍ മാത്രമാണ് ഷെയര്‍ ചെയ്തിട്ടുള്ളതെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.