Wednesday , 13 December 2017
Kalyan
News Updates

പത്താം നമ്പര്‍ ജഴ്‌സി അനൗദ്യോഗികമായി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയില്‍ നിന്ന് പത്താം നമ്പര്‍ അനൗദ്യോഗികമായി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന 10-ാം നമ്പര്‍ ജഴ്‌സി അദ്ദേഹം വിരമിച്ചതിനു ശേഷം മറ്റു കളിക്കാര്‍ ധരിക്കാന്‍ വിസമ്മതിക്കുന്നതാണ് കാരണം. മാസ്റ്റര്‍ ബ്ലാസ്റ്ററോടുള്ള ആരാധന മൂത്ത് ഈ വര്‍ഷം ആദ്യം പത്താം നമ്പര്‍ ജഴ്‌സി ധരിച്ചെത്തിയ ഷര്‍ദുല്‍ താക്കൂര്‍ വലിയ ട്രോള്‍ ആക്രമണത്തിനാണ് വിധേയനായത്.

2013ല്‍ സച്ചിന്‍ വിരമിച്ചതിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീമിലൊരാള്‍ ഈ ജഴ്‌സി ധരിച്ചെത്തിയത്. താന്‍ ന്യൂമറോളജി അനുസരിച്ച് തെരഞ്ഞടുത്തതാണെന്ന് പറഞ്ഞാണ് അന്ന് ഷര്‍ദുല്‍ രക്ഷപ്പെട്ടത്. ഏത് ജഴ്‌സി ധരിക്കണമെന്നത് വ്യക്തികളാണ് തീരുമാനിക്കുന്നതെന്നായിരുന്നു ബിസിസിഐ പ്രതിനിധി ഇതേക്കുറിച്ച് പിടിഐയോട് പ്രതികരിച്ചത്. എന്നാല്‍ ഒരു ജഴ്‌സി ഔദ്യോഗികമായി പിന്‍വലിക്കാനോ ഏതെങ്കിലും നമ്പര്‍ ധരിക്കരുതെന്ന് ആവശ്യപ്പെടാനോ ബോര്‍ഡിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ പത്താം നമ്പര്‍ പിന്‍വലിക്കാന്‍ കഴിയില്ല. ചെറുപ്പക്കാരായ കളിക്കാര്‍ക്ക് ഷര്‍ദുലിന് നേരിട്ട ആക്രമണം പോലയുള്ളവ നേരിടേണ്ടി വരുന്നതും അംഗീകരിക്കാന്‍ കഴിയില്ല. അനാവശ്യമായി താരങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് ഒഴിവാക്കണം. അതിനാല്‍ അനൗദ്യോഗികമായി ഈ നമ്പറിന് ഒരു റിട്ടയര്‍മെന്റ് നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് വക്താവ് പറഞ്ഞു.

താരങ്ങളോടുള്ള ആദരസൂചകമായി ജഴ്‌സിക്ക് റിട്ടയര്‍മെന്റ് നല്‍കിയ സംഭനം ഇതേവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സച്ചിന്റെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് നമ്പര്‍ പത്തിന് ഔദ്യോഗിക റിട്ടയര്‍മെന്റ് നല്‍കിയിട്ടുണ്ട്.

DONT MISS