ഡികെ ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

കര്ണാടക കോണ്ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്.
 | 
ഡികെ ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്. ആകെ 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കര്‍ണാടകയില്‍ 9 ഇടങ്ങൡും ഡല്‍ഹിയില്‍ 4 ഇടങ്ങളിലും മുംബൈയില്‍ ഒരു സ്ഥലത്തുമാണ് പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ്.

പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെടുത്തുവെന്നാണ് ഏജന്‍സികള്‍ അറിയിക്കുന്നത്. പുലര്‍ച്ചെ 6.30നാണ് പരിശോധന ആരംഭിച്ചത്. ബന്ധുക്കളുടെയും സഹായികളുടെയും വീടുകളില്‍ ഉള്‍പ്പെടെയാണ് റെയ്ഡ് നടത്തുന്നത്. അതേസമയം കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സിബിഐ നടപടിയെന്ന് കര്‍ണാടക കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. നാല് ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. 2019 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിനെതിരെ കേസെടുത്തത്. 2017ല്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ 8.6 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയെന്ന ആരോപണത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. പിന്നീട് 11 കോടിയാണ് കണ്ടെത്തിയതെന്നും ഇന്‍കം ടാക്‌സ് അറിയിച്ചിരുന്നു.