പത്മാവതിയുടെ പേര് മാറ്റണം; സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന് ഉപാധികളോടെ പ്രദര്‍ശനാനുമതി

പേരിലുള്പ്പെടെ 26 മാറ്റങ്ങള് നിര്ദേശിച്ച് പത്മാവതി എന്ന സഞ്ജയ് ലീല ബന്സാലി ചിത്രത്തിന് പ്രദര്ശനാനുമതി. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കി മാറ്റണമെന്നാണ് സെന്സര് ബോര്ഡ് നിര്ദേശം. സംഘപരിവാര് സംഘടനകള് ഉള്പ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകള് ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു.
 | 

പത്മാവതിയുടെ പേര് മാറ്റണം; സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന് ഉപാധികളോടെ പ്രദര്‍ശനാനുമതി

ന്യൂഡല്‍ഹി: പേരിലുള്‍പ്പെടെ 26 മാറ്റങ്ങള്‍ നിര്‍ദേശിച്ച് പത്മാവതി എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന് പ്രദര്‍ശനാനുമതി. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കി മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതിക്കാണിക്കണം, സതി അനുഷ്ഠിക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ കുറയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവ അംഗീകരിച്ചാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് തീരുമാനം. നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന് സംവിധായകന്‍ സമ്മതിച്ചുവെന്നാണ് വിവരം.

രജപുത്ര കര്‍ണി സേനയാണ് ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചരിത്രത്തെ വളച്ചൊടിച്ചുവെന്നാണ് സംഘടന ആരോപിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപികയുടെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് പത്തുകോടി രൂപ നല്‍കാമെന്ന് ബിജെപി നേതാവ് പറഞ്ഞത് വിവാദമായിരുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാമെന്ന് യുകെ അറിയിച്ചെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അത് നിരസിക്കുകയായിരുന്നു. യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകള്‍ കത്തിക്കണമെന്ന് അവിടെയുള്ള ഇന്ത്യക്കാരെ ആഹ്വാനം ചെയ്ത് രജപുത്ര കര്‍ണി സേനാത്തലവന്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസപാത്രമാകുകയും ചെയ്തു.