കേരളത്തിന് വേണ്ടി മാത്രം തീരുമാനമെടുക്കാനാവില്ല; പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിലപാടറിയിച്ച് കേന്ദ്രം

പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില് നിലപാട് അറിയിച്ച് കേന്ദ്രസര്ക്കാര്.
 | 
കേരളത്തിന് വേണ്ടി മാത്രം തീരുമാനമെടുക്കാനാവില്ല; പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളെ ഉടന്‍ തിരികെയെത്തിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. ദുബായ് കെഎംസിസി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേരളം തയ്യാറാണെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലേയെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടിയിട്ടുള്ളതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ നിലവിലില്ല. കോവിഡ് പ്രതിരോധത്തിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട ഹര്‍ജി 21-ാം തിയിതിയിലേക്ക് മാറ്റി. ആവശ്യപ്പെടാതെ ഗള്‍ഫ് നാടുകളിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കഴിയില്ലെന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ ഫോറം നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്നും വിദഗ്ധ മെഡിക്കല്‍ സംഘത്തെ എത്രയും പെട്ടന്ന് അയക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ സംഘത്തെ അയക്കാന്‍ അവിടുത്തെ അനുവാദം ആവശ്യമില്ലേയെന്നാണ് കോടതി ചോദിച്ചത്. മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളും വന്നാല്‍ ബുദ്ധിമുട്ട് ആകുമെന്നും കേന്ദ്രം അറിയിച്ചു.