പുകയില ഉപയോഗത്തിനുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

പുകയില ഉപയോഗിക്കാനുള്ള പ്രായപരിധിയില് വര്ദ്ധന വരുത്താന് കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് സൂചന.
 | 
പുകയില ഉപയോഗത്തിനുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പുകയില ഉപയോഗിക്കാനുള്ള പ്രായപരിധിയില്‍ വര്‍ദ്ധന വരുത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് സൂചന. പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. നിലവില്‍ ഇത് 18 വയസാണ്. പുകയിലയുടെ ഉപയോഗം കുറക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഇതിനായി സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുകയില്‍ വര്‍ദ്ധനവ് വരുത്തുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

പ്രായപരിധി പുനര്‍നിര്‍ണ്ണയിക്കുന്നതോടെ കോളേജ് വിദ്യാര്‍ത്ഥികളുടെ പുകവലിയില്‍ കാര്യമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്പന്നങ്ങളുടെ പരസ്യം നല്‍കിയാലും കനത്ത പിഴ ഈടാക്കാനാണ് തീരുമാനം.