ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ ചൈനീസ് പട്ടാളത്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടു

ഗാല്വാന് വാലിയില് നടന്ന ഏറ്റുമുട്ടലില് ചൈനീസ് കമാന്ഡിംഗ് ഓഫീസര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്.
 | 
ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ ചൈനീസ് പട്ടാളത്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഗാല്‍വാന്‍ വാലിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുടെ ഭാഗത്ത് 43 സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്. എന്നാല്‍ ചൈന ഇത് സ്ഥിരീകരിച്ചിട്ടില്ല. കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ചൈനയ്ക്ക് വന്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നതിന്റെ സൂചനയാണ്.

തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിന് ഒരു കേണല്‍ ഉള്‍പ്പെടെ 20 സൈനികരുടെ ജീവനാണ് നഷ്ടമായത്. പട്രോളിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തോക്ക് ഉപയോഗിക്കാതെയായിരുന്നു ഏറ്റുമുട്ടല്‍. വടികളും കല്ലുകളുമാണ് ഇരുവിഭാഗവും ഉപയോഗിച്ചത്. ചൈനീസ് സൈന്യം ആണി തറച്ച വടികളും കത്തികളും ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടതും പ്രദേശത്തിന്റെ ദുര്‍ഘടാവസ്ഥയുമാണ് മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സൂചന. സംഘട്ടനത്തിലുണ്ടായ പരിക്കും ഉയരത്തില്‍ നിന്ന് ഗര്‍ത്തങ്ങളിലേക്ക് വീണതും മൈനസ് താപനിലയും സൈനികരുടെ ജീവനെടുക്കുകയായിരുന്നു. നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.