Monday , 24 February 2020
News Updates

പെരിയാറിനെതിരായ പ്രസ്താവന; രജനീകാന്തിനെതിരെ കോണ്‍ഗ്രസും, പ്രതിഷേധം ശക്തമാകുന്നു

ചെന്നൈ: പെരിയാര്‍ ഇ.വി രാമസ്വാമിയെ അപമാനിച്ചതായ ആരോപണത്തില്‍ നടന്‍ രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനികാന്ത് നടത്തുന്നതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അഴഗിരി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് കൂടി രജനീകാന്തിനെതിരെ നിലപാടെടുത്തതോടെ പ്രതിഷേധം കടക്കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം രജനി രംഗത്ത് വന്നിരുന്നു.

സാമൂഹിക പരിഷ്‌ക്കര്‍ത്താവ് പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനീകാന്ത് നടത്തുന്നത്. ഇത്തരം വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്ന രജനി എന്തുകൊണ്ട് പൗരത്വ ബില്ലിനെക്കുറിച്ച് സംസാരിക്കാത്തത്. കെഎസ് അഴഗിരി ചോദിച്ചു. നേരത്തെ രജനിയെ പിന്തുണച്ച് ബി.ജെ.പി രംഗത്ത് വന്നിരുന്നു.

തമിഴ്‌നാട്ടില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയാര്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി 1971ല്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്ത് പ്രസ്താവിച്ചത്. വിഷയത്തില്‍ ദ്രാവിഡര്‍ വിടുതലൈ കഴകം താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നാണ് ഡിവികെ നല്‍കിയ പരാതിയില്‍ പറയുന്നത്.

DONT MISS