പൂനെയിലേക്ക് പോകാനെത്തിയ കര്‍ണാടക വിമത എംഎല്‍എ തട്ടിപ്പ് കേസില്‍ പിടിയില്‍

രാഷ്ട്രീയ നാടകങ്ങള് തുടരുന്നതിനിടെ കര്ണാടകയില് ഒരു വിമത എംഎല്എ പിടിയില്.
 | 
പൂനെയിലേക്ക് പോകാനെത്തിയ കര്‍ണാടക വിമത എംഎല്‍എ തട്ടിപ്പ് കേസില്‍ പിടിയില്‍

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ കര്‍ണാടകയില്‍ ഒരു വിമത എംഎല്‍എ പിടിയില്‍. കോണ്‍ഗ്രസ് വിമത എംഎല്‍എ റോഷന്‍ ബെയ്ഗ് ആണ് പിടിയിലായത്. പ്രത്യേക വിമാനത്തില്‍ പൂനെയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ബെയ്ഗിനെ പിടികൂടുകയായിരുന്നു.

ബിജെപി എംഎല്‍എ യോഗേശ്വര്‍, കര്‍ണാടക ബിജെപി തലവന്‍ യെദിയൂരപ്പയുടെ പിഎ സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് ബെയ്ഗ് വിമാനത്താവളത്തില്‍ എത്തിയത്. പോലീസ് എത്തിയപ്പോള്‍ സന്തോഷ് ഓടി രക്ഷപ്പെട്ടുവെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ എന്ന ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി രൂപ വാങ്ങിയെന്നതാണ് കേസ്.

കഴിഞ്ഞയാഴ്ചയാണ് ബെയ്ഗ് തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതായി മുഹമ്മദ് മന്‍സൂര്‍ ഖാന്‍ വെളിപ്പെടുത്തിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബെയ്ഗിന് രണ്ട് തവണ അറിയിപ്പ് നല്‍കിയിരുന്നതാണ്.