രാംപാലിനെ അറസ്റ്റ് ചെയ്തു

രണ്ട് ദിവസം നീണ്ട നാടകീയ മുഹൂർത്തങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ വിവാദ ആൾദൈവം രാംപാലിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30 ഓടെ ഹിസാറിലെ ആശ്രമത്തിനകത്തു നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
 | 
രാംപാലിനെ അറസ്റ്റ് ചെയ്തു

 

 

ഹിസാർ: രണ്ട് ദിവസം നീണ്ട നാടകീയ മുഹൂർത്തങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ വിവാദ ആൾദൈവം രാംപാലിനെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30 ഓടെ ഹിസാറിലെ ആശ്രമത്തിനകത്തു നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ആംബുലൻസിൽ അജ്ഞാത സ്ഥലത്തേക്ക് മാറ്റി എന്നാണ് റിപ്പോർട്ട്. രാംപാലിന്റെ മകനും അടുത്ത അനുയായി പുരുഷോത്തം ദാസും അടക്കം 70 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലപാതകമുൾപ്പെടെയുള്ള കേസിൽ പത്ത് ദിവസത്തിനിടെ മൂന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത രാംപാലിനെ വെള്ളിയാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. ചൊവ്വാഴ്ച അറസ്റ്റുചെയ്യാൻ പോലീസ് ശ്രമിച്ചെങ്കിലും അനുയായികളെ മനുഷ്യകവചമാക്കി അക്രമമഴിച്ചുവിട്ട് രാംപാലും കൂട്ടരും ഇത് പരാജയപ്പെടുത്തിയിരുന്നു.

ഇതിനിടെ കൊല്ലപ്പെട്ടതെന്ന് കരുതുന്ന ആറുപേരുടെ മൃതദേഹങ്ങൾ ഹിസാറിലുള്ള സത്‌ലോക് ആശ്രമത്തിൽനിന്ന് കണ്ടെടുത്തു. അഞ്ച് സ്ത്രീകളുടെയും പതിനെട്ട് മാസം പ്രായമായ കുട്ടിയുടെയും ഉൾപ്പെടെ ആറ് മൃതദേഹമാണ് കഴിഞ്ഞ ദിവസം ആശ്രമത്തിനകത്ത് നിന്നും കണ്ടെത്തിയത്.

ആശ്രമവളപ്പിൽ ബുധനാഴ്ചയും തുടർന്ന സംഘർഷത്തിനൊടുവിലാണ് പോലീസ് രാംപാലിന്റെ അനുയായികളെ കീഴടക്കി ആൾദൈവത്തെ പിടികൂടിയത്. ഇയാൾക്കെതിരെ രാജ്യദ്രോഹം, കലാപമുണ്ടാക്കൽ, കൊലപാതകശ്രമം എന്നീ വകുപ്പുകൾകൂടി ചുമത്തി. ആശ്രമത്തിനുള്ളിൽനിന്ന് 250 പാചകവാതക സിലിണ്ടറുകളും പോലീസ് കണ്ടെത്തി. അരക്കിലോമീറ്ററോളം കനത്ത നാശനഷ്ടമുണ്ടാക്കാൻ കഴിയുന്ന സ്‌ഫോടകശേഷി ഇവയ്ക്കുണ്ടെന്ന് ഡി.ജി.പി. വി.എൻ. വസിഷ്ഠ് പറഞ്ഞു.