കോവിഡ് ബാധിതരുടെ ശ്വാസകോശത്തിന് സംഭവിക്കുന്നതെന്ത്? പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കുന്നത് ഇങ്ങനെ

കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശ്വാസകോശം ലെതര് ബോള് പോലെ ദൃഢമായെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
 | 
കോവിഡ് ബാധിതരുടെ ശ്വാസകോശത്തിന് സംഭവിക്കുന്നതെന്ത്? പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കുന്നത് ഇങ്ങനെ

ബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശ്വാസകോശം ലെതര്‍ ബോള്‍ പോലെ ദൃഢമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വായു അറകള്‍ നശിച്ച നിലയിലും രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച നിലയിലുമാണ് പരിശോധനയില്‍ കണ്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഓക്‌സ്‌ഫോര്‍ഡ് മെഡിക്കല്‍ കോളേജിലെ ഡോ.ദിനേശ് റാവു പറഞ്ഞു. ഒക്ടോബര്‍ 10നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മരിച്ച് 18 മണിക്കൂറിന് ശേഷവും ശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി. മൃതദേഹത്തിന്റെ മൂക്ക്, തൊണ്ട, വായ, ശ്വാസകോശം, ശ്വാസനാളം, മുഖത്തെയും കഴുത്തിലെയും ചര്‍മം എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ തൊണ്ടയിലെയും മൂക്കിലെയും സാമ്പിളുകളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി.

കോവിഡ് ബാധിതരുടെ മൃതദേഹത്തില്‍ നിന്നും രോഗം പടരാമെന്നതിന് കൂടുതല്‍ ശക്തമായ തെളിവാണ് ഇതെന്ന് ഡോക്ടര്‍ റാവു പറഞ്ഞു. എന്നാല്‍ ചര്‍മത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധുക്കളുടെ സമ്മതത്തോടെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.