24 മണിക്കൂറിനിടെ 6767 കേസുകള്‍, 147 മരണം; രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1,30,000 കടന്നു

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,31,868 ആയി.
 | 
24 മണിക്കൂറിനിടെ 6767 കേസുകള്‍, 147 മരണം; രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1,30,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,31,868 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6767 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 147 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ കോവിഡ് മരണങ്ങള്‍ 3867 ആയി ഉയര്‍ന്നു. 54441 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് തുടര്‍ച്ചയായി മൂന്നാംദിവസവും മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ രാജ്യത്താകെ 73560 പേരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമാകുന്നവരുടെ കണക്ക് 42 ശതമാനത്തോളം ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ ഇന്ന് പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് 3.13 ല്‍ നിന്ന് 3.02 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കൊവിഡ് മരണനിരക്ക്.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളില്‍ 50 ശതമാനത്തില്‍ അധികം മഹാരാഷ്ട്രയിലാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികളില്‍ വ്യാപകമായി കൊവിഡ് പടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.