പാന്‍മസാല നിരോധിക്കണമെന്ന് ഹര്‍ജി; പിഎം കെയേഴ്‌സിലേക്ക് 10 കോടി നല്‍കിയിട്ടുണ്ടെന്ന് പാന്‍മസാല കമ്പനിയുടെ മറുപടി

പാന്മസാല നിരോധിക്കണമെന്ന ഹര്ജിയില് വിചിത്ര സത്യവാങ്മൂലം നല്കി പാന്മസാല കമ്പനി.
 | 
പാന്‍മസാല നിരോധിക്കണമെന്ന് ഹര്‍ജി; പിഎം കെയേഴ്‌സിലേക്ക് 10 കോടി നല്‍കിയിട്ടുണ്ടെന്ന് പാന്‍മസാല കമ്പനിയുടെ മറുപടി

ലഖ്‌നൗ: പാന്‍മസാല നിരോധിക്കണമെന്ന ഹര്‍ജിയില്‍ വിചിത്ര സത്യവാങ്മൂലം നല്‍കി പാന്‍മസാല കമ്പനി. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 10 കോടി രൂപ നല്‍കിയിട്ടുണ്ടെന്നാണ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രജനീഗന്ധ എന്ന പാന്‍മസാലയുടെ നിര്‍മാതാക്കളായ ധരംപാല്‍ സത്യപാല്‍ ലിമിറ്റഡ് എന്ന കമ്പനി വിശദീകരിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി പാന്‍മസാലകള്‍ നിരോധിക്കണമെന്നായിരുന്നു കോടതിയില്‍ ലഭിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

പാന്‍മസാല ഉപയോഗിക്കുന്നവര്‍ തുപ്പുമെന്നും തുപ്പലിലൂടെ കൊറോണ വൈറസ് വ്യാപിക്കുമെന്നും കാട്ടി ലഖ്‌നൗ സ്വദേശിയായ സഞ്ജയ് ശര്‍മ എന്ന മാധ്യമപ്രവര്‍ത്തകനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ ഇക്കാലത്ത് ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും അതേസമയം തങ്ങള്‍ പിഎം കെയേഴ്‌സിലേക്ക് 10 കോടി രൂപയും കോവിഡിനെതിരെ പൊരുതുന്ന സംഘടനകളെ സഹായിക്കാന്‍ മറ്റൊരു 10 കോടി രൂപയും നല്‍കിയിട്ടുണ്ടെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കമ്പനി ന്യായീകരിച്ചത്.

രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 25ന് ഉത്തര്‍പ്രദേശില്‍ പാന്‍മസാല വില്‍പന നിരോധിച്ചിരുന്നു. പാന്‍മസാല ചവച്ചതിന് ശേഷം തുപ്പുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കിലും പുകയിലയും നിക്കോട്ടിനും അടങ്ങിയിട്ടില്ലാത്ത പാന്‍മസാലയുടെ വില്‍പനയ്ക്ക് മെയ് 6ന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

ഇതിനെതിരെയാണ് സഞ്ജയ് ശര്‍മ കോടതിയെ സമീപിച്ചത്. ഏതുതരത്തിലുള്ള പാന്‍മസാലയാണെങ്കിലും അത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് തെളിവുകള്‍ സഹിതം ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. തിടുക്കത്തില്‍ പാന്‍മസാല നിരോധനം എടുത്തുകളഞ്ഞ നടപടിയില്‍ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല..