ഉം-പുന്‍ ചുഴലിക്കാറ്റ് 4 മണിക്ക് ശേഷം കരതൊടും; ബംഗാളിലും ഒഡിഷയിലുമായി നാല് ലക്ഷം പേരെ ഒഴിപ്പിച്ചു

ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ഉം പുന് ചുഴലിക്കാറ്റ് ഇന്ന് കരതൊടും.
 | 
ഉം-പുന്‍ ചുഴലിക്കാറ്റ് 4 മണിക്ക് ശേഷം കരതൊടും; ബംഗാളിലും ഒഡിഷയിലുമായി നാല് ലക്ഷം പേരെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉം പുന്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. വൈകിട്ട് 4 മണി മുതല്‍ 6 വരെയുള്ള സമയത്ത് ബംഗാള്‍ തീരത്ത് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കരുതുന്നത്. സൂപ്പര്‍ സൈക്ലോണില്‍ നിന്ന് സൈക്ലോണിക് കൊടുങ്കാറ്റായി ശക്തി കുറഞ്ഞ ഉം-പുനിന്റെ പ്രഭാവത്താല്‍ ഒഡിഷയിലും പശ്ചിമ ബംഗാളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്.

മുന്‍കരുതലിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളില്‍ നിന്നും 4 ലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. 185 കിലോമീറ്റര്‍ വേഗത വരെയുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഉംപുന്‍ കനത്ത നാശം വിതയ്ക്കുമെന്നാണ് കരുതുന്നത്. പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നീ പ്രദേശങ്ങളിലൂടെ കനത്ത നാശം വിതച്ച് ഉംപുന്‍ കടന്നു പോകുമെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാവികസേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കു കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ടാമത്തെ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍.