ഉത്തര്‍പ്രദേശില്‍ പശുവിന്റെ ജഡം മറവ് ചെയ്യാന്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍; പോലീസ് കേസെടുത്തു

ഉത്തര്പ്രദേശില് പശുവിന്റെ ജഡം മറവ് ചെയ്യാന് ലോക്ക് ഡൗണ് നിയന്ത്രണങ്ങള് മറികടന്ന് വന് ജനക്കൂട്ടം
 | 
ഉത്തര്‍പ്രദേശില്‍ പശുവിന്റെ ജഡം മറവ് ചെയ്യാന്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍; പോലീസ് കേസെടുത്തു

അലിഗഡ്: ഉത്തര്‍പ്രദേശില്‍ പശുവിന്റെ ജഡം മറവ് ചെയ്യാന്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വന്‍ ജനക്കൂട്ടം. അലഗഡിലാണ് സംഭവമുണ്ടായത്. പശുവിന്റെ ജഡവുമായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തു. 100 സ്ത്രീകള്‍ ഉള്‍പ്പെടെ 150 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മേംദി ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പശുവിന്റെ ജഡവുമേന്തിക്കൊണ്ട് ഗ്രാമീണര്‍ പുറത്തിറങ്ങിയത്. ദിനേശ് ചന്ദ്ര ശര്‍മ എന്നയാളുടെ പലചരക്ക് കടയുടെ അടുത്ത് കഴിഞ്ഞിരുന്ന പശു കുറച്ച് ദിവസങ്ങളായി രോഗബാധയാല്‍ അവശയായിരുന്നുവെന്ന് പോലീസ് പറയുന്നു. പശു ചത്തതിന് ശേഷം ബാന്‍ഡ് മേളം ഉള്‍പ്പെടെയുള്ള ശവസംസ്‌കാരമാണ് നാട്ടുകാര്‍ ഏര്‍പ്പാടാക്കിയത്. പശുവിന് ഇത്തരം ശവസംസ്‌കാരം ഒരുക്കുന്നത് ഉത്തര്‍പ്രദേശില്‍ സാധാരണമാണ്.

സംഭവത്തില്‍ എന്ത് പ്രത്യാഘാതമുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നാണ് ദിനേശ് ചന്ദ്ര ശര്‍മ പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധ മൃഗത്തിന്റെ ശവസംസ്‌കാരത്തിന് ആളുകള്‍ സ്വമേധയാ എത്തിയതാണ്. അതിനെ തടുക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ ചെയ്തതില്‍ തെറ്റൊന്നും ഇല്ലെന്നുമാണ് ശര്‍മയുടെ അവകാശവാദം.