സുനന്ദ പുഷ്‌കറുടെ മരണം കൊലപാതകമെന്ന് പൊലീസ്

മുൻ കേന്ദ്രമന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം കൊലപാതകമാണെന്ന് ഡൽഹി പോലീസ് കമ്മീഷണർ. പോലീസ് കമ്മീഷണറെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
 | 
സുനന്ദ പുഷ്‌കറുടെ മരണം കൊലപാതകമെന്ന് പൊലീസ്


ന്യൂഡൽഹി:
മുൻ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം കൊലപാതകമാണെന്ന് ഡൽഹി പോലീസ് കമ്മീഷണർ. പോലീസ് കമ്മീഷണറെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐ.പി.സി 302 പ്രകാരം കൊലപാതകകുറ്റം ചുമത്തി ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഡി.സി.പി (സൗത്ത്) പ്രേംനാഥ്, അഡീഷണൽ ഡി.സി.പി കുശ്‌വാഹ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സുനന്ദയെ വിഷം കൊടുത്ത് കൊന്നുവെന്നാണ് പ്രാഥമിക നിഗമനം.

വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മരണകാരണമാകാവുന്ന അസുഖങ്ങളൊന്നും സുനന്ദയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത് വിവാദമായിരുന്നു. മരിക്കുന്നതിന് ഒരു ആഴ്ച്ച മുൻപ് സുനന്ദ കിംസിൽ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയയായിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യം ആശുപത്രി അധികൃതർ തന്നെ നിഷേധിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ജനുവരി 17-നാണ് സുനന്ദയെ ഡൽഹിയിലെ ലീല ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതിൽ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു ആദ്യം പോലീസിന്റെ നിഗമനം. എന്നാൽ സുനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ചതിൽ നിന്ന് വിഷം ഉള്ളിൽ ചെന്നുള്ള അസ്വാഭാവിക മരണമെന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡിസംബർ 29ന് പോലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.