മഹാരാഷ്ട്ര; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും രാജിവെച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രാജിവെച്ചു.
 | 
മഹാരാഷ്ട്ര; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ചു. നാളെത്തന്നെ സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തിലാണ് രാജി. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ രാജി സമര്‍പ്പിച്ച് അല്‍പ സമയത്തിനുള്ളിലാണ് ഫഡ്‌നവിസും രാജി സമര്‍പ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളെ കണ്ട ഫഡ്‌നവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതിന് ശേഷമാണ് ഫഡ്‌നവിസ് മാധ്യമങ്ങളെ കണ്ടത്.

നിലവില്‍ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതിനാലാണ് രാജി. സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം നല്‍കിയ ഹര്‍ജിയിലെ സുപ്രീം കോടതി വിധി ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അജിത് പവാറിനൊപ്പം ബിജെപിക്ക് പിന്തുണ നല്‍കിയ 11 എന്‍സിപി എംഎല്‍എമാരില്‍ 10 പേരും തിരികെ എന്‍സിപി ക്യാമ്പില്‍ എത്തിയിരുന്നു. അതുകൊണ്ട് കേവല ഭൂരിപക്ഷ സംഖ്യയായ 145 തികയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

ഇത് വ്യക്തമായതോടെയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജി നല്‍കിയത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇതോടെ അറുതിയായിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് നാലാമത്തെ ദിവസം സര്‍ക്കാര്‍ വീണുവെന്ന പ്രത്യേകതയും ഇതിനുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ അസാധാരണ നീക്കത്തിലൂടെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച ശേഷമാണ് എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ദേവന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതിന് പിന്നാലെ അജിത് പവാറിന്റെ പേരിലുള്ള 70,000 കോടി രൂപയുടെ അഴിമതിക്കേസുകള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.