ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ദേശീയതലത്തില്‍ കൂട്ടായ്മ; ധന്യാ രാജേന്ദ്രന്‍ ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍

ഡിജിറ്റല് മാധ്യമങ്ങള്ക്ക് ദേശീയ തലത്തില് പുതിയ കൂട്ടായ്മ.
 | 
ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ദേശീയതലത്തില്‍ കൂട്ടായ്മ; ധന്യാ രാജേന്ദ്രന്‍ ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ദേശീയ തലത്തില്‍ പുതിയ കൂട്ടായ്മ. ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പേരില്‍ 11 ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ നിലവില്‍ വന്നിരിക്കുന്നത്. സ്‌ക്രോള്‍, വയര്‍, ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ്, ദ ന്യൂസ് മിനുട്ട്, ന്യൂസ് ക്ലിക്ക്, എച്ച് ഡബ്ല്യു ന്യൂസ്, കോബ്ര പോസ്റ്റ്, ആര്‍ട്ടിക്കിള്‍ 14, ബൂം ലൈവ്, ന്യൂസ് ലോണ്ട്രി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇത്. ദി ന്യൂസ് മിനുട്ട് എഡിറ്റര്‍ ധന്യാ രാജേന്ദ്രനാണ് ഫൗണ്ടേഷന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍.

ന്യൂസ് ക്ലിക്കിലെ പ്രബിര്‍ പുര്‍കയാസ്ഥ വൈസ് ചെയര്‍പേഴ്‌സണും ദി ക്വിന്റിലെ ഋതു കപൂറും ന്യൂസ് ലോണ്‍ട്രിയുടെ അഭിനന്ദന്‍ സെക്രിയും ജനറല്‍ സെക്രട്ടറിമാരുമാണ്. ഡിജിറ്റല്‍ മാധ്യമ രംഗം ഇത്ര വളര്‍ച്ച പ്രാപിച്ചിട്ടും അതിനെ പ്രതിനിധീകരിക്കാന്‍ ഒരു സംഘടന പോലും നിലവിലില്ല. ലോകോത്തരവും ഉന്നത നിലവാരത്തിലുള്ളതും സ്വതന്ത്രവുമായ ജേര്‍ണലിസം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യവുമായാണ് ഈ കൂട്ടായ്മയെന്ന് ഇതു സംബന്ധിച്ചുള്ള പ്രസ്താവന പറയുന്നു.

ഡിജിറ്റല്‍ മാധ്യമങ്ങളുടെ താല്‍പര്യങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാന്‍ ഒരു സംഘടനയെന്ന നിലയിലാണ് ഇത് രൂപീകൃതമായിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമരംഗത്തെ ജേര്‍ണലിസ്റ്റുകള്‍, സംരംഭകര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കായിരിക്കും സംഘടനയില്‍ അംഗത്വം നല്‍കുക.