ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; അതീവ ജാഗ്രത

സുരക്ഷ സേന പ്രദേശത്ത് വ്യാപകമായ തെരച്ചില് നടത്തുന്നുണ്ട്. തീവ്രവാദി സാന്നിധ്യമില്ലെന്നാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന റിപ്പോര്ട്ടുകള്.
 | 
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; അതീവ ജാഗ്രത

ഫിറോസ്പുര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം. പഞ്ചാബിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പാക് തീവ്രവാദികള്‍ ആയുധങ്ങളും സാറ്റ്‌ലൈറ്റ് ഫോണുകളും കടത്തുന്നതായി വ്യക്തമായിരുന്നു. രാത്രി 10 മണിയോടെയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ എത്തിയത്.

പിന്നാലെ അഞ്ച് തവണ ഡ്രോണുകളെത്തിയെന്നാണ് സൂചന. ഒരു തവണ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഡ്രോണ്‍ പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ സേന പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. തീവ്രവാദി സാന്നിധ്യമില്ലെന്നാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് അതിര്‍ത്തി വഴിയാണ് ഡ്രോണുകളെത്തുന്നത്. കാശ്മീരില്‍ മൊബൈല്‍ ഫോംണ്‍ ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ സാറ്റ്‌ലൈറ്റ് ഫോണുകള്‍ ഉപയോഗിച്ച് തീവ്രവാദികള്‍ ആശയവിനിമയം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സൈനിക ആവശ്യങ്ങള്‍ക്കല്ലാതെ ഇന്ത്യയില്‍ സാറ്റ്‌ലൈറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. കാശ്മീരില്‍ ആക്രമണം നടത്താനാണ് ഡ്രോണുകള്‍ ഉപയോഗിച്ച് വലിയ ആയുധശേഖരം ഇന്ത്യയിലെത്തിക്കുന്നതെന്നാണ് ദേശീയ സുരക്ഷാ വിഭാഗം പുറപ്പെടുവിച്ചിരിക്കുന്ന മുന്നറിയിപ്പ്.