ജാതി വിവേചനം; പട്ടികജാതിക്കാരിയായ വനിതാ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് യോഗം; ചിത്രം പുറത്ത്

പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെ കസേരയില് ഇരിക്കാന് അനുവദിക്കാതെ പഞ്ചായത്ത് യോഗം.
 | 
ജാതി വിവേചനം; പട്ടികജാതിക്കാരിയായ വനിതാ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് യോഗം; ചിത്രം പുറത്ത്

ചെന്നൈ: പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെ കസേരയില്‍ ഇരിക്കാന്‍ അനുവദിക്കാതെ പഞ്ചായത്ത് യോഗം. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ തേര്‍ക്കു തിട്ടൈ ഗ്രാമപഞ്ചായത്തില്‍ നിന്നാണ് കടുത്ത ജാതി വിവേചനത്തിന്റെ പുതിയ വാര്‍ത്ത പുറത്തു വന്നത്. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കേണ്ട യോഗത്തിലാണ് അവരെ നിലത്ത് ഇരുത്തിക്കൊണ്ട് യോഗ നടപടികള്‍ പുരോഗമിച്ചത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു.

പട്ടികജാതിയില്‍ പെടുന്ന ആദി ദ്രാവിഡ സമുദായത്തില്‍ നിന്നുള്ള രാജേശ്വരി ശരവണ കുമാറിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷമാണ് സംവരണ സീറ്റില്‍ നിന്ന് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ പോലീസും കേസെടുത്തിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജിനെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. മേല്‍ജാതിക്കാരനായ മോഹന്‍രാജ് തന്നെ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനോ കസേരയില്‍ ഇരിക്കാനോ അനുവദിക്കാറില്ലെന്ന് രാജേശ്വരി പറഞ്ഞു.

ജൂലൈയില്‍ നടന്ന സംഭവത്തിന്റെ ചിത്രം ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താനും തന്നെ അനുവദിച്ചില്ല. പകരം വൈസ് പ്രസിഡന്റിന്റെ പിതാവാണ് പതാക ഉയര്‍ത്തിയത്. താന്‍ മേല്‍ജാതിക്കാരുമായി പരമാവധി സഹകരിക്കാറുണ്ടെന്നു ഇപ്പോള്‍ സഹിക്കാവുന്നതിന് അപ്പുറമാണ് കാര്യങ്ങള്‍ എന്നും അവര്‍ വ്യക്തമാക്കി. പഞ്ചായത്തില്‍ നടക്കുന്ന ജാതി വിവേചനത്തെ കുറിച്ച് വിവരം നല്‍കാതിരുന്നതാണ് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.