സിനിമയ്ക്ക് പിന്നാലെ മോഡിയുടെ പേരിലുള്ള വെബ് സീരീസും വിലക്കി തെര. കമ്മീഷന്‍

കിഷോര് മക്വാന എഴുതിയ 'മോഡി: കോമണ് മാന്സ് പി.എം' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ പരമ്പര നിര്മ്മിച്ചിരിക്കുന്നത്.
 | 
സിനിമയ്ക്ക് പിന്നാലെ മോഡിയുടെ പേരിലുള്ള വെബ് സീരീസും വിലക്കി തെര. കമ്മീഷന്‍

ന്യൂഡല്‍ഹി: സിനിമയ്ക്ക് പിന്നാലെ മോഡിയുടെ പേരിലുള്ള വെബ് സീരീസും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉമേഷ് ശുക്‌ള സംവിധാനം ചെയ്ത ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന വെബ് പരമ്പരക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കിഷോര്‍ മക്വാന എഴുതിയ ‘മോഡി: കോമണ്‍ മാന്‍സ് പി.എം’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. മോഡിയെ പുകഴ്ത്തുന്നതിന് വേണ്ടി എഴുതിയ പുസ്തകമാണ് ഇതെന്ന് നേരത്തെ വിവാദമുയര്‍ന്നിരുന്നു.

നേരത്തെ നമോ ടി.വിക്കും ‘പി.എം നരേന്ദ്ര മോദി’ സിനിമക്കും തെരഞ്ഞെടുപ്പ് കഴിയും വരെ തെര. കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പരമ്പരയ്ക്കും സമാന വിലക്കായിരിക്കും ഏര്‍പ്പെടുത്തുക. അതേസമയം വെബ് സീരീസിന് വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ക്കിടിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട് സംവിധായകന്‍ ഉമേഷ് ശുക്‌ള രംഗത്ത് വന്നു. ‘ഓ മൈ ഗോഡ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് ഉമേഷ് ശുക്ല.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ അനുവിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സുതാര്യവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് പി.എം മോഡിയുടെ റിലീസ് തടയുന്നതെന്ന് നേരത്തെ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.