പ്രതികളെ കൊന്നാല്‍ ഇരകള്‍ക്ക് നീതി കിട്ടില്ലെന്ന് വാറംഗല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച പ്രണിത

പ്രതികളെ കൊന്നാല് ഇരകള്ക്ക് നീതി കിട്ടില്ലെന്ന് വാറംഗലിലെ ആസിഡ് ആക്രമണത്തില് നിന്ന് രക്ഷപ്പെട്ട പ്രണിത.
 | 
പ്രതികളെ കൊന്നാല്‍ ഇരകള്‍ക്ക് നീതി കിട്ടില്ലെന്ന് വാറംഗല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച പ്രണിത

പ്രതികളെ കൊന്നാല്‍ ഇരകള്‍ക്ക് നീതി കിട്ടില്ലെന്ന് വാറംഗലിലെ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രണിത. ഹൈദരാബാദ് കൂട്ടബലാല്‍സംഗക്കേസ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിലാണ് പ്രണിതയുടെ പ്രതികരണം. പ്രതികളെ വെടിവെച്ച് കൊല്ലുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കില്ല. വിചാരണ അതിവേഗം പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷയുറപ്പാക്കുകയാണ് വേണ്ടതെന്നും പ്രണിത വ്യക്തമാക്കി.

വാറംഗലില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായിരുന്ന പ്രണിതയ്ക്കും സ്വപ്‌നികയ്ക്കും നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. പ്രതികളായ ശ്രീനിവാസന്‍, ബി. സഞ്ജയ്, പി. ഹരികൃഷ്ണന്‍ എന്നിവര്‍ തെളിവെടുപ്പിനിടെ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഇന്നത്തെ സൈബറാബാദ് കമ്മീഷണര്‍ വി.സി.സജ്ജനാര്‍ ആയിരുന്നു അന്ന് വാറംഗല്‍ എസ്പി.

സ്വപ്നിക പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് ശ്രീനിവാസനാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. സുഹൃത്തുക്കളായ സഞ്ജയ്, ഹരികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം കോളേജില്‍ നിന്ന് മടങ്ങുകയായിരുന്ന സ്വപ്‌നികയുടെയും പ്രണിതയുടെയും മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. സ്വപ്നിക ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി.

ശ്രീനിവാസ് പിന്‍തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന് ആക്രമണത്തിന് മൂന്നാഴ്ച മുന്‍പ് സ്വപ്‌നിക പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പോലീസ് അവഗണിക്കുകയായിരുന്നുവെന്നും പ്രണിത പറയുന്നു.