ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു; ബിര്‍സ മുണ്ടയെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം

ബ്രിട്ടീഷുകാര്ക്ക് എതിരെ ഗറില്ലാ യുദ്ധം നയിച്ച ഗോത്ര വംശജനായ ബിര്സ മുണ്ടയുടെ ജന്മദിനമാണ് ഇന്ന്.
 | 
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു; ബിര്‍സ മുണ്ടയെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം

ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഗറില്ലാ യുദ്ധം നയിച്ച ഗോത്ര വംശജനായ ബിര്‍സ മുണ്ടയുടെ ജന്മദിനമാണ് ഇന്ന്. അടുത്തിടെ ബിര്‍സ മുണ്ടയുടേത് എന്ന പേരില്‍ മറ്റൊരാളുടെ പ്രതിമയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹാരാര്‍പ്പണം നടത്തിയതിലൂടെ ബിര്‍സ മുണ്ടയുടെ ചരിത്രം ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 1900 ജൂണില്‍ ജയിലില്‍ വെച്ച് തന്റെ 25-ാം വയസില്‍ മരിച്ച മുണ്ട ഗറില്ലാ യുദ്ധം നടത്തിയാണ് ബ്രിട്ടീഷുകാരുടെ കണ്ണില്‍ കരടായി മാറിയത്. ആദിവാസി ഗോത്ര സമൂഹമായ മുണ്ട വിഭാഗത്തില്‍ ജനിച്ച ബിര്‍സ മുണ്ടയെക്കുറിച്ച് വിഷ്ണു വിജയന്‍ എഴുതിയ കുറിപ്പ് വായിക്കാം.

ബിർസാ മുണ്ട…💙
ബ്രിട്ടീഷ് ഇന്ത്യയിൽ വടക്ക് കിഴക്കൻ വനാന്തരങ്ങളിൽ മുണ്ട ഗോത്രത്തിൽ ഒരു അതിജീവന നക്ഷത്രമുണ്ടായിരുന്നു. ഇപ്പോൾ ഇന്ത്യൻ പാർലമെന്റിൽ സെൻട്രൽ ഹാളിൽ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു സാമ്രാജ്യത്വത്തിനും, ജൻമിത്വത്തിനും എതിരെ പോരാട്ടം നയിച്ച കരുത്തനായ ഗറില്ലാ പോരാളി, ‘ ബിർസാ മുണ്ട ‘യുടേതാണ്.ഇന്നത്തെ ജാർഖണ്ഡിൽ റാഞ്ചിക്ക് സമീപം ഉലിഹത്തിൽ 1875 ലാണ് ആദിവാസി ഗോത്ര സമൂഹമായ ‘മുണ്ട’ വിഭാഗത്തിൽ ‘ബിർസാ മുണ്ട’ ജനിക്കുന്നത്.
തൻ്റെ 25 ആം വയസ്സിൽ അവസാനിച്ച ജീവിതത്തിനിടയിൽ ഇന്ത്യയിലെ ആദിവാസി ജനതയുടെ പോരാട്ട വീര്യത്തെ ചരിത്ര താളുകളിൽ അദ്ദേഹം രചിച്ച് ചേർത്തു, നമ്മൾ അതികമൊന്നും തിരിച്ചറിയാത്ത, തിരിച്ചറിയാൻ ശ്രമിക്കാത്ത ധീരതയുടെ പേരാണ് ബിർസാ മുണ്ട. 1882 ൽ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് വനനിയമം പാസാക്കി, അന്നോളം ആദിവാസി ജനത പിൻതുടർന്നു പോന്നിരുന്ന തനതായ ജീവിതരീതിയും സംസ്കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ പ്രാപ്തമായിരുന്ന നിയമം. 1894 ൽ ആണ് ബിർസയുടെ നേതൃത്വത്തിൽ വനനിയമത്തെ എതിർത്ത് ഗോത്ര ജനങ്ങൾ ചെറുത്തുനിൽപ്പ് തുടങ്ങിയത്, അദ്ദേഹത്തിന്റെ 19 ആം വയസ്സിൽ.
വൈദേശിക ശക്തിയുടെ തോക്കിനും പീരങ്കിക്കും മുൻപിൽ ഇന്നത്തെ ജാർഖണ്ഡ്, ബീഹാർ, ഒറീസ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങൾ കേന്ദ്രീകരിച്ച് അമ്പും വില്ലും വാളുകളും ഉപയോഗിച്ച് ബിർസ തൻ്റെ ഗറില്ലാ പോരാട്ടം വീര്യം പ്രകടിപ്പിച്ചു. ഇതിനിടയിൽ പലതവണ ജയിലിലും ഒളിവിലുമായി കഴിയേണ്ടി വന്നു. ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർഗ്നിയർ അധികാർ എന്ന നോവൽ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിർസ മുണ്ട നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൻ്റെ ചരിത്രാഖ്യായി ആണ്.
1900 മാർച്ച് മാസം മൂന്നാം തീയതിയാണ് ജാംകോരി വനാന്തരങ്ങളിൽ വെച്ച് ബ്രിട്ടീഷ് സൈന്യം ബിർസയെ പിടികൂടി ജയിലിൽ അടയ്ക്കുന്നത്. ജൂൺ 9 ന് കോളറ ബാധിച്ച് അദ്ദേഹം മരണപ്പെട്ടു എന്ന ഔദ്യോഗികമായ അറിയിപ്പ് പുറത്തു വരുമ്പോൾ അദ്ദേഹത്തിന് പ്രായം 25 വയസ്സ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്, രാജ്യത്തെ ആദിവാസി ജനതയുടെ പോരാട്ട വീര്യത്തിൻ്റെ കരുത്തുറ്റ അടയാളമാണ് ആ മനുഷ്യൻ..

ബിർസാ മുണ്ട…💙

ബ്രിട്ടീഷ് ഇന്ത്യയിൽ വടക്ക് കിഴക്കൻ വനാന്തരങ്ങളിൽ മുണ്ട ഗോത്രത്തിൽ ഒരു അതിജീവന നക്ഷത്രമുണ്ടായിരുന്നു….

Posted by Vishnu Vijayan on Saturday, November 14, 2020