റേറ്റിംഗ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ല; ബജാജിന് പിന്നാലെ പ്രഖ്യാപനം നടത്തി പാര്‍ലെയും

ബാര്ക് റേറ്റിംഗില് തട്ടിപ്പ് നടത്തിയ ചാനലുകള്ക്ക് പരസ്യം നല്കില്ലെന്ന് വ്യക്തമാക്കി ബിസ്കറ്റ് നിര്മാതാക്കളായ പാര്ലെ.
 | 
റേറ്റിംഗ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ല; ബജാജിന് പിന്നാലെ പ്രഖ്യാപനം നടത്തി പാര്‍ലെയും

മുംബൈ: ബാര്‍ക് റേറ്റിംഗില്‍ തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകളാണ് റേറ്റിംഗ് തട്ടിപ്പ് നടത്തിയതായി മുംബൈ പോലീസ് അറിയിച്ചത്. വിഷഭരിതമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ പറഞ്ഞതായി ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് സാഹചര്യത്തില്‍ പാര്‍ലേ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇപ്പോള്‍ ടെലിവിഷനില്‍ നല്‍കുന്നില്ല. എങ്കിലും ഇനി മുതല്‍ ഇത്തരം ചാനലുകളില്‍ പരസ്യം നല്‍കേണ്ടതില്ലെന്നാണ് പാര്‍ലേയുടെ തീരുമാനം. ഈ ചാനലുകള്‍ അഭ്യൂഹങ്ങളും വിദ്വേഷവും പരത്തുകയാണെന്ന വിലയിരുത്തലാണ് ഇവരുടേത്. പ്രമുഖ പരസ്യദാതാക്കളും മീഡിയ ഏജന്‍സികളും റേറ്റിഗ് കൃത്രിമത്വം നടത്തുന്ന ന്യൂസ് ചാനലുകള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്ന വിഷയത്തില്‍ പുനര്‍വിചിന്തനം നടത്തുകയാണ്.

ആരോപണ വിധേയരായ മൂന്ന് ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് ബജാജ് ഓട്ടോസ് ആണ്. ഈ ചാനലുകളെ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് ആണ് വ്യക്തമാക്കിയത്. നവരാത്രി, ദീപാവലി തുടങ്ങി വരാനിരിക്കുന്ന ഉത്സവ സീസണിലെ പരസ്യങ്ങള്‍ ഇതോടെ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് നഷ്ടമാകും.