കോവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ചത് വ്യാജ വെന്റിലേറ്റര്‍; നാണംകെട്ട് ഗുജറാത്ത് സര്‍ക്കാര്‍

തദ്ദേശീയമായി നിര്മിച്ചുവെന്ന് അവകാശപ്പെട്ട് ഗുജറാത്തിലെ സര്ക്കാര് ആശുപത്രികളില് സ്ഥാപിച്ച വെന്റിലേറ്റര് വ്യാജം.
 | 
കോവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ചത് വ്യാജ വെന്റിലേറ്റര്‍; നാണംകെട്ട് ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: തദ്ദേശീയമായി നിര്‍മിച്ചുവെന്ന് അവകാശപ്പെട്ട് ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ച വെന്റിലേറ്റര്‍ വ്യാജം. മുഖ്യമന്ത്രി വിജയ് രൂപാനി തന്നെയാണ് ആശുപത്രികളില്‍ ഇവ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നടത്തിയത്. എന്നാല്‍ ഈ വെന്റിലേറ്ററുകള്‍ക്ക് ആവശ്യമായ പരിശോധന നടത്തിയിട്ടില്ലെന്നും ഇവയ്ക്ക് ലൈസന്‍സില്ലെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ വന്‍ നാണക്കേടിലായിരിക്കുകയാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍.

കോവിഡ് ബാധ മൂലമുള്ള മരണസംഖ്യ വര്‍ദ്ധിച്ചതോടെ രോഗപ്രതിരോധത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍ പരാജയമാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് വെന്റിലേറ്ററുകള്‍ വ്യാജമാണെന്ന വിവരം പുറത്തു വരുന്നത്. രാജ്‌കോട്ടിലെ ജ്യോതി സിഎന്‍സി എന്ന കമ്പനിയാണ് ധാമന്‍ വണ്‍ എന്ന പേരില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ സുഹൃത്തിന്റെ കമ്പനിയാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു.

രോഗവ്യാപനം ഏറെയുള്ള അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ അടക്കം 900 വെന്റിലേറ്ററുകളാണ് സംസ്ഥാനത്ത് ഒട്ടാകെ സ്ഥാപിച്ചത്. ഇവ കാഴ്ചയില്‍ വെന്റിലേറ്ററുകള്‍ പോലെ തോന്നുമെങ്കിലും വ്യാജനാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ലൈസന്‍സ് വെന്റിലേറ്ററുകള്‍ക്കില്ല. ഒരു രോഗിയില്‍ മാത്രമാണ് ഇതിന്റെ ഗുണമേന്മാ പരിശോധന നടത്തിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.