കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

ഡല്ഹി ചലോ മാര്ച്ചിന് തലസ്ഥാനത്ത് പ്രവേശിക്കാന് അനുമതി.
 | 
കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചിന് തലസ്ഥാനത്ത് പ്രവേശിക്കാന്‍ അനുമതി. തടസങ്ങള്‍ മാറ്റി മുന്നോട്ടു നീങ്ങുന്ന മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രക്ഷോഭത്തിന് മുന്നില്‍ പോലീസ് മുട്ടു മടക്കുകയാണ്. കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാമെന്നാണ് പോലീസ് അറിയിക്കുന്നത്. കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധം സമാധാന പൂര്‍ണ്ണമായിരിക്കണം. മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നും പോലീസ് കര്‍ഷകരോട് പറഞ്ഞു.

യുപി, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്നത്. ഇവരെ പലയിടങ്ങളിലും പോലീസ് തടഞ്ഞിരുന്നു. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു.