ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റിന് പൊന്നുംവില; പ്രവാസികളെ പിഴിഞ്ഞ് കമ്പനികള്‍

5000 രൂപമുതല് 12000 രൂപ വരെയായിരുന്ന നിരക്ക് ഇപ്പോള് 25000 മുതല് 92000 വരെയായി ഉയര്ന്നതായി യാത്രക്കാര് ചൂണ്ടിക്കാണിക്കുന്നു.
 | 
ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റിന് പൊന്നുംവില; പ്രവാസികളെ പിഴിഞ്ഞ് കമ്പനികള്‍

കൊച്ചി: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റിന് പൊന്നുംവില. ഏതാണ്ട് അഞ്ചിരട്ടി വിലയാണ് നിലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ നല്‍കേണ്ടത്. ബലിപെരുന്നാള്‍ അവധി അവസാനിച്ചതോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് പോകാനായി യാത്രക്കാരുടെ വലിയ തിരക്കുണ്ട്. ഇത് മുതലെടുക്കാനാണ് വിമാനക്കമ്പനികള്‍ ശ്രമിക്കുന്നത്. 5000 രൂപമുതല്‍ 12000 രൂപ വരെയായിരുന്ന നിരക്ക് ഇപ്പോള്‍ 25000 മുതല്‍ 92000 വരെയായി ഉയര്‍ന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളെ പ്രധാന നഗരങ്ങളായ ദുബായ്, ഷാര്‍ജ, റിയാദ്, ദോഹ, ദമ്മാം, അബൂദാബി, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും നിരക്ക് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. മലയാളി പ്രവാസികളില്‍ ഭൂരിഭാഗം പേരും പ്രസ്തുത മേഖലകളില്‍ തൊഴിലെടുക്കുന്നവരാണ്. ബലിപെരുന്നാളിന് നാട്ടിലേക്ക് വണ്‍വേ ടിക്കറ്റുമായി എത്തിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായിരിക്കുന്നത്. അതേസമയം തിരക്ക് കണക്കിലെടുത്താണ് നിരക്കില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരക്ക് വര്‍ദ്ധിക്കുന്ന സമയത്ത് വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സ്ഥിര സംഭവമാണ്. ഇത്തരം വര്‍ദ്ധനവുണ്ടാകുന്നത് തടയണമെന്നത് പ്രവാസി സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.