റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും എതിരെ ബോളിവുഡ്; കോടതിയെ സമീപിച്ച് ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍

നിരുത്തരവാദപരമായ റിപ്പോര്ട്ടിംഗ് നടത്തുന്നുവെന്ന ആരോപണവുമായി മാധ്യമങ്ങള്ക്കെതിരെ ഹര്ജിയുമായി ബോളിവുഡ് സിനിമാ നിര്മാതാക്കള്.
 | 
റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനും എതിരെ ബോളിവുഡ്; കോടതിയെ സമീപിച്ച് ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍

നിരുത്തരവാദപരമായ റിപ്പോര്‍ട്ടിംഗ് നടത്തുന്നുവെന്ന ആരോപണവുമായി മാധ്യമങ്ങള്‍ക്കെതിരെ ഹര്‍ജിയുമായി ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, യഷ് രാജ് തുടങ്ങിയവര്‍ അടക്കമുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പങ്കാളികളായ സിനിമാ നിര്‍മാണ കമ്പനികളും നാല് സിനിമാ സംഘടനകളും 34 നിര്‍മാതാക്കളുമാണ് പരാതിക്കാര്‍. റിപ്പബ്ലിക് ടിവിയിലെ അര്‍ണാബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ ചാനലിലെ പ്രമുഖരായ രാഹുല്‍ ശിവ്ശങ്കര്‍, നവിക കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലാണ് ബോളിവുഡ് മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. താരങ്ങളെ മയക്കുമരുന്ന് അടിമകളെന്നും മാലിന്യം എന്നും മറ്റും വിശേഷിപ്പിക്കുകയാണ് ഈ ചാനലുകള്‍ എന്ന് ഇവര്‍ പറയുന്നു. ബോളിവുഡിനെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവും നിരുത്തരവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഈ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പിന്‍മാറണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചലച്ചിത്ര പ്രവര്‍ത്തകരെ മാധ്യമ വിചാരണ ചെയ്യുന്നതും അവരുടെ സ്വകാര്യത ഹനിക്കുന്ന വിധത്തില്‍ പെരുമാറുന്നതും അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്.

നിരുത്തരവാദപരമായി വാര്‍ത്തകളും അസംബന്ധങ്ങളും എഴുന്നെള്ളിക്കുന്ന ചാനലുകള്‍ അടച്ചുപൂട്ടണമെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു. ബാര്‍ക് റേറ്റിംഗില്‍ തട്ടിപ്പ് നടത്തിയതിന് മുംബൈ പോലീസ് കേസെടുത്തതോടെ വിവാദത്തിലായിരിക്കുന്ന റിപ്പബ്ലിക് ടിവിക്ക് ബോളിവുഡിന്റെ ഹര്‍ജി വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.