മിലിട്ടറി ക്യാന്റീനുകളില്‍ നിന്ന് വിദേശ ബ്രാന്‍ഡുകള്‍ ഔട്ടാകും; മദ്യത്തിനുള്‍പ്പെടെ നിയന്ത്രണം ബാധകം

രാജ്യത്തെ സൈനിക ക്യാന്റീനുകളില് നിന്ന് വിദേശ ഉല്പന്നങ്ങള് പുറത്താകും.
 | 
മിലിട്ടറി ക്യാന്റീനുകളില്‍ നിന്ന് വിദേശ ബ്രാന്‍ഡുകള്‍ ഔട്ടാകും; മദ്യത്തിനുള്‍പ്പെടെ നിയന്ത്രണം ബാധകം

ന്യൂഡല്‍ഹി: രാജ്യത്തെ സൈനിക ക്യാന്റീനുകളില്‍ നിന്ന് വിദേശ ഉല്‍പന്നങ്ങള്‍ പുറത്താകും. ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ ക്യാന്റീനുകളിലേക്ക് വാങ്ങുന്നത് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ക്യാന്റീനുകളില്‍ സംഭരിക്കാന്‍ ഭാവിയില്‍ അനുമതിയുണ്ടാവില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിലാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 4000 സൈനിക ക്യാന്റീനുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് ഉള്‍പ്പെടെ വിലക്ക് ബാധകമാകും.

അതേസമയം ഏതൊക്കെ വിദേശ ഉല്‍പന്നങ്ങള്‍ക്കാണ് വിലക്ക് ബാധകമാകുക എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. മൂന്ന് സൈനിക വിഭാഗങ്ങളിലും ഈ വിഷയം കഴിഞ്ഞ മെയ്, ജൂലൈ മാസങ്ങളില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ആഭ്യന്തര ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ചുവടു പിടിച്ചാണ് ഈ നീക്കമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനോട് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് ഓഗസ്റ്റില്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് സൈനിക ക്യാന്റീനുകളിലെ വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങളില്‍ 6 മുതല്‍ 7 ശതമാനം വരെ വിദേശത്തു നിന്നെത്തുന്നവയാണ്. ഇവയില്‍ ചൈനീസ് ഉല്‍പന്നങ്ങളാണ് ഏറെയും.