മുന്‍ ആംആദ്മി എം.എല്‍.എ അല്‍ക്കാ ലാംപ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പില് ആംആദ്മിക്ക് വേണ്ടി പ്രചാരണത്തിലിറങ്ങില്ലെന്ന് അല്ക്ക പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
 | 
മുന്‍ ആംആദ്മി എം.എല്‍.എ അല്‍ക്കാ ലാംപ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ ആംആദ്മി എം.എല്‍.എ അല്‍ക്കാ ലാംപ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് അല്‍ക്ക ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചടങ്ങില്‍ പി.സി ചാക്കോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. 20 വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു അല്‍ക്ക 2014ലാണ് ആംആദ്മിയിലേക്ക് ചേക്കേറുന്നത്. പിന്നാലെ ആംആദ്മി ടിക്കറ്റില്‍ എംഎല്‍.എ സ്ഥാനവും ലഭിച്ചു.

എന്നാല്‍ ആംആദ്മിയുമായുള്ള അല്‍ക്കയുടെ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. തുടക്കം മുതല്‍ക്കെ അരവിന്ദ് കേജ്രിവാളുമായി അല്‍ക്ക അഭിപ്രായ വ്യത്യാസങ്ങള്‍ പങ്കുവെച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് വേണ്ടി പ്രചാരണത്തിലിറങ്ങില്ലെന്ന് അല്‍ക്ക പരസ്യമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലേക്ക് തിരികെ പോകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നുള്ള പിന്മാറ്റം. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ക്ക ലാമ്പയെ ദില്ലി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അയോഗ്യയാക്കി. ഇതോടെ സോണിയാ ഗാന്ധിയുമായി അല്‍ക്ക കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ആംആദ്മിയുടെ എം.എല്‍.എമാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് അല്‍ക്കയും പാര്‍ട്ടിയും തമ്മില്‍ രൂക്ഷമായി പോര് നടക്കുന്നതായി പുറംലോകറിയുന്നത്. പാര്‍ട്ടിയിലേയും ഭരണത്തിലേയും ഒരാളുടെ ആധിപത്യത്തിനെതിരായ തന്റെ പോരാട്ടത്തില്‍ പ്രേരണയായ പ്രവര്‍ത്തകര്‍ക്കും, എല്ലാവര്‍ക്കും നന്ദി എന്ന് നേരത്തെ അല്‍ക്ക ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. കെജ്രിവാളിനെതിരെ കൂടുതല്‍ വിമതര്‍ രംഗത്ത് വരുമെന്നാണ് സൂചന.