ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപയിലേക്ക്

രാജ്യത്ത് ഇന്ധനവില വീണ്ടും വര്ദ്ധിപ്പിച്ചു
 | 
ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായി 15-ാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്. പെട്രോളിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വരുത്തിയ വര്‍ദ്ധന. ഇതോടെ സംസ്ഥാനത്ത് പെട്രോളിന്റെ വില 79.39 രൂപയായി. ഡീസലിന് 74.11 രൂപയായും ഉയര്‍ന്നു.

കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 3 പൈസയും ഡീസലിന് 8 രൂപ 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ലോക്ക് ഡൗണ്‍ കാലയളവില്‍ 82 ദിസത്തോളം ഇന്ധനവില വര്‍ദ്ധിച്ചിരുന്നില്ല. ഈ സമയത്ത് ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതിനാല്‍ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല.

പിന്നീട് ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചുവെന്ന പേരിലാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവിലുണ്ടായ നഷ്ടം നികത്താനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നതെന്ന ആരോപണം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നെങ്കിലും വിഷയത്തില്‍ പ്രതിപക്ഷം പോലും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടില്ല.