വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയെന്ന് വിശദീകരണം

കൊടും കുറ്റവാളി വികാസ് ദുബെയെ ഉത്തര്പ്രദേശ് പോലീസ് വെടിവെച്ചു കൊന്നു.
 | 
വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയെന്ന് വിശദീകരണം

കൊടും കുറ്റവാളി വികാസ് ദുബെയെ ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ഇന്നലെ പിടിയിലായ വികാസ് ദുബെയുമായി ഉത്തര്‍പ്രദേശിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കാണ്‍പൂരില്‍ വെച്ച് നടന്ന ഏറ്റുമുട്ടലില്‍ ഇയാള്‍ വെടിയേറ്റ് മരിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇന്ന് പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കാണ്‍പൂരില്‍ വെച്ച് മറിഞ്ഞു.

ഇതിന് പിന്നാലെ വികാസ് ഒരു പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും പോലീസിന് നേരെ വെടിവെച്ച ഇയാളെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നുമാണ് വിശദീകരണം. വെടിയേറ്റ വികാസിനെ ആശുപത്രിയില്‍ എത്തിച്ചുവെന്നും പോലീസ് പറയുന്നു. കാണ്‍പൂരില്‍ ഡിഎസ്പി ഉള്‍പ്പെടെ 8 പോലീസുകാരെ വധിച്ച കേസിലെ പ്രതിയാണ് വികാസ്.

വ്യാഴാഴ്ച ഉജ്ജയിനില്‍ ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് ഇയാളെ മധ്യപ്രദേശ് പോലീസ് പിടികൂടിയത്. ക്ഷേത്രത്തിന് സമീപത്തെ ഒരു കടക്കാരന്‍ ഇയാളെ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.