47 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

47 ചൈനീസ് ആപ്പുകള്ക്ക് കൂടി നിരോധനം. ജൂണില് നിരോധിച്ച 59 ആപ്പുകള്ക്ക് പുറമേയാണ് ഇത്
 | 
47 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 47 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം. ജൂണില്‍ നിരോധിച്ച 59 ആപ്പുകള്‍ക്ക് പുറമേയാണ് ഇത്. ആദ്യ ഘട്ടത്തില്‍ നിരോധിച്ച ആപ്പുകളുടെ ക്ലോണ്‍ ആയി പ്രവര്‍ത്തിച്ചിരുന്നവയാണ് ഇവയെന്നാണ് വിശദീകരണം. ഇവയുടെ പട്ടിക ഉടന്‍ പുറത്തു വിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ക്യാംസ്‌കാനര്‍, ഷെയര്‍ഇറ്റ്, യുസി ബ്രൗസര്‍, ഹലോ തുടങ്ങിയവ ആദ്യഘട്ട നിരോധനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

250 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പബ്ജി ഉള്‍പ്പെടെയുള്ള ജനപ്രിയ ആപ്പുകളും ഈ പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. നിരീക്ഷണത്തിന് ശേഷം ഇവയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസുരക്ഷയും ദേശീയ താല്‍പര്യവും പരിഗണിച്ചാണ് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ഭൂരിപക്ഷവും ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. 300 മില്യണ്‍ ഇന്ത്യക്കാര്‍ ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ജൂണ്‍ 15ന് ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.